മലപ്പുറം : പൊന്നാനിയിലെ സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. ടി.എം സിദ്ദിഖിനെ പൊന്നാനിയിൽ സ്ഥാനാര്‍ത്ഥിയാക്കണമെന്നുതന്നെയാണ് സി.പി.എം മണ്ഡലം കമ്മിറ്റി യോഗത്തിലും ആവശ്യമുയര്‍ന്നത്. എന്നാല്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ല.
എരിയ കമ്മിറ്റി ഓഫീസിൽ ചേരേണ്ട യോഗം പ്രതിഷേധം ഭയന്ന് പൊന്നാനി മാറഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ കാഞ്ഞിരമുക്ക് സൗത്ത് ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റി അംഗം വി.വി സുരേഷിൻ്റെ വീട്ടിലായിരുന്നു ചേർന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു. തദ്ദേശീയനായ ടി.എം സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയായി വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി. കൂടാതെ ജില്ലാ കമ്മിറ്റിക്ക് എതിരെ രൂക്ഷ വിമർശനവും ഉയർന്നു. അതേസമയം പാർട്ടി സംസ്ഥാന കമ്മറ്റി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ ഒടുവിൽ തയാറായി.
യോഗത്തിൽ ടി.എം സിദ്ദിഖും പങ്കെടുത്തു. എന്നാൽ ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിൻ്റെ അസാന്നിധ്യം ശ്രദ്ധേയമായി. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് യോഗത്തിനു ശേഷം ടി.എം സിദ്ദിഖ് പ്രതികരിച്ചു. പാർട്ടി സംസ്ഥാന ഘടകത്തിൻ്റെ തീരുമാനം അന്തിമമാകും. ഇതോടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പി.പി നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാൽ നന്ദകുമാർ തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നാൽ പ്രതിഷേധം കനക്കുമെന്നാണ് സൂചന.