‘ഗോ പട്ടേൽ ഗോ’ ; അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തില്‍ ലക്ഷദ്വീപിൽ ഇന്ന് കരിദിനാചരണം

Jaihind Webdesk
Monday, June 14, 2021

കൊച്ചി : അഡ്മിനിസ്ട്രേറ്ററുടെ വിവാദനയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് കരിദിനാചരണം. ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്നു ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ദ്വീപ് ജനത കരിദിനം ആചരിക്കുന്നത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകളുടെ മുന്നിൽ കരിങ്കൊടികൾ ഉയർത്തും. കറുപ്പു നിറമുള്ള വസ്ത്രം, മാസ്ക്, ബാഡ്ജ് എന്നിവ ധരിക്കാനും അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ വീടുകള്‍ക്ക് മുന്നിൽ സ്ഥാപിക്കാനും നിർദേശമുണ്ട്.

ഇന്നു രാത്രി 9ന് എല്ലാ വീടുകളിലും വിളക്കുകൾ അണച്ചു മെഴുകുതിരി വെട്ടത്തിൽ പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ എന്ന മുദ്രാവാക്യം മുഴക്കാനും ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.

വീടിനു പുറത്തിറങ്ങി പ്രതിഷേധിക്കരുതെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നുമുള്ള കർശന നിർദേശവും ദ്വീപ് നിവാസികൾക്കു നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡ ലംഘനമുണ്ടായാൽ അതു ചൂണ്ടിക്കാട്ടി അറസ്റ്റ് ഉൾപ്പെടെ നിയമ നടപടിയിലേക്കു നീങ്ങാനും പ്രതിഷേധത്തിന് തടയിടാനും ഭരണകൂടം ശ്രമിക്കുമെന്ന സൂചനയുള്ളതിനാലാണിത്.