സമ്പൂര്‍ണ തോല്‍വിക്കുപിന്നാലെ ബിജെപിക്കുള്ളില്‍ പോര് ; നേതാക്കള്‍ക്ക് തെറിയഭിഷേകം

Jaihind Webdesk
Monday, May 3, 2021

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ തോല്‍വിക്കുപിന്നാലെ ബിജെപിക്കുള്ളില്‍ പോര് മുറുകുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഒ.രാജഗോപാല്‍ എന്നിവര്‍ക്കെതിരെ വ്യാപകപ്രതിഷേധമാണ് സമൂഹ്യമാധ്യമങ്ങളിലടക്കം പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്. മുരളീധരനെ മന്ത്രിസഭയില്‍ നിന്നും നീക്കണമെന്നും പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇതിനിടെ തന്നെ കാലുവാരി തോല്‍പ്പിച്ചതാണെന്ന ആരോപണവുമായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനും രംഗത്തെത്തി.

പാര്‍ട്ടിയുടെ എപ്ലസ് മണ്ഡലങ്ങളായി കണ്ടിരുന്ന ഇടങ്ങളിലെ തോല്‍വിക്കുകാരണം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് അണികളുടെ അഭിപ്രായം. ഏക സിറ്റിങ് സീറ്റായ നേമം കൈവിട്ടതിനു പിന്നാലെ ഒ രാജഗോപാലിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

നേമത്ത് കുമ്മനത്തിന്‍റെ തോൽവിക്കു കാരണം  രാജഗോപാലാണെന്ന് ആരോപണം. പാർട്ടിയെ വഞ്ചിച്ചയാളാണെന്നും എ.കെ.ജി സെന്‍ററില്‍ പോയിരിക്കൂ എന്നും രാജഗോപാലിനോട് ബിജെപി അനുകൂലികൾ സൈബർ ഇടത്തിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വോട്ട് ചെയ്തവർക്ക് നന്ദിയറിയിച്ച് ഒ രാജഗോപാൽ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പിന് താഴെയാണ് ബിജെപി അനുകൂലികളുടെ അസഭ്യവർഷം.”ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായർക്ക് ഒരായിരം നന്ദി…ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും….” എന്നായിരുന്നു രാജഗോപാലിന്‍റെ പോസ്റ്റ്