തൃശൂർ പെരിങ്ങോട്ടുകരയിലെ നവവധുവിന്റെ ദുരൂഹ മരണത്തിൽ കുറ്റവാളികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം ശക്തമാക്കുന്നു. ഇപ്പോൾ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലെന്ന് മരിച്ച ശ്രുതിയുടെ കുടുംബവും ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ബലപ്രയോഗം അടക്കമുള്ള സൂചനകൾ ചൂണ്ടിക്കാട്ടിയിട്ടും ക്രൈം ബ്രാഞ്ച് ആ ദിശയിൽ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
മുല്ലശ്ശേരി പറമ്പന്തള്ളി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയാണ് വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പെരിങ്ങോട്ടുകര സ്വദേശിയായ ഭർത്താവിന്റെ വീട്ടിലെ ശുചിമുറിയിൽ തളർന്നു വീഴുകയായിരുന്നു. ജനുവരി ആറിനാണ് സംഭവം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിനുചുറ്റും ബലപ്രയോഗം നടന്നതായി പറയുന്നു. മുഖത്തും തലയിലും കഴുത്തിലും മുറിവുകൾ ഉള്ളതായും റിപ്പോർട്ടിൽ സൂചനയുണ്ട്. ശ്രുതിയുടെ മരണം സംഭവിച്ചു 38 ദിവസത്തിന് ശേഷം ഫെബ്രുവരി 13നാണ് റിപ്പോർട്ട് പിതാവിന് ലഭിച്ചത്. മരണം സംബന്ധിച്ച് ഭർത്തൃവീട്ടുകാർ നൽകിയ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കുടുബം പോലീസിൽ പരാതി നൽകി. തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
ശ്രുതിയുടെ മരണം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും വീട്ടുകാർക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യഘട്ടത്തിൽ ലോക്കൽ പോലീസ് അന്വേഷണത്തിൽ വരുത്തിയ വീഴ്ചയാണ് കേസിലെ പ്രതികളെ പിടികൂടാത്തതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
ശ്രുതിയുടെ മരണത്തിലെ ദുരൂഹത നീക്കാനും കുറ്റവാളികളെ കണ്ടെത്താനും ഒരു നാടൊന്നാകെ ഇപ്പോൾ ഒരുമിച്ചിരിക്കുകയാണ്.