കോഴിക്കോട്: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. കോഴിക്കോട് കല്ലായിയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പോലീസ് അകമ്പടിയോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ വഴിതടഞ്ഞ് പ്രതിഷേധിക്കുകയാണ്. എറണാകുളം തിരുവാങ്കുളം മാമലയിലും കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം തുടരുകയാണ്. പോലീസും നാട്ടുകാരുമായി ഉന്തും തള്ളും ഉണ്ടാകുന്ന സാഹചര്യവുമുണ്ടായി.
ഇന്നലെ വന്‍ പ്രതിഷേധം നടന്ന ചങ്ങനാശേരിയിലെ മാടപ്പള്ളിയില്‍ സ്ഥാപിച്ച മുഴുവന്‍ കല്ലുകളും പിഴുതുമാറ്റി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പോലും പോലീസ് ക്രൂരമായ അക്രമമാണ് ഇന്നലെ നടത്തിയത്. ഇന്ന് വിഷയം സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സമരം ശക്തമാക്കുമെന്നും പദ്ധതി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് പ്രതിനിധിസംഘം മാടപ്പള്ളിയിലേക്ക് തിരിച്ചു.