കോൺഗ്രസ് ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം; പൊലീസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട് കക്കോടിയിൽ കോൺഗ്രസ് ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള പൊലീസിന്‍റെ ശ്രമത്തിൽ പ്രതിഷേധം ശക്തം. മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉൾപ്പെടെ അടിച്ചുതകർത്ത സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നിട്ടും നാല് സിപിഎം പ്രവർത്തകരെ നാമമാത്രമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ് വിട്ടയച്ചു. ഇതിനെതിരെ കോഴിക്കോട് കോൺഗ്രസ് ജില്ലാ കമ്മിറ്റി തന്നെ പോലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ്.

മഹാത്മാ ഗാന്ധിയുടെയും, രാജീവ്‌ ഗാന്ധി, ഇന്ദിര ഗാന്ധി, അയ്യങ്കാളി തുടങ്ങിയ വീര നേതാക്കളുടെയും ഛായാചിത്രങ്ങൾ ഉൾപ്പെടെയാണ് കോൺഗ്രസ്‌ ഓഫീസുകളിൽ സിപിഎം അടിച്ചു തകർത്തത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കണക്ക്. സംഭവം നടന്ന് 10 ദിവസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയ്യാറായത്. ഓഫീസിൽ അകത്തുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചേർക്കണമെന്ന് നിയമം ഉണ്ടായിരിക്കെ നാമമാത്രമായ വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിട്ടയച്ചു.

അതേസമയം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു അയക്കപ്പെട്ടവർ യഥാർത്ഥ പ്രതികളല്ലെന്നും യഥാർത്ഥ പ്രതികളെ ഒഴിവാക്കിയാണ് പോലീസ് അറസ്റ്റ് രേഖപെടുത്തിയത് എന്നുമാണ് കോൺഗ്രസ് പറയുന്നത്. വ്യാപക പ്രതിഷേധം ഉയർന്ന സംഭവത്തിൽ പോലീസിന്‍റെ നടപടി നിരാശാജനകമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. വിഷയത്തിൽ പോലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി.

https://youtu.be/pFRCKTKBGvU

Comments (0)
Add Comment