മനിതിസംഘത്തിനുനേരെ പ്രതിഷേധവുമായി ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Jaihind News Bureau
Monday, December 24, 2018

തിരുവനന്തപുരം: ഞായറാഴ്ച്ച ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ചെന്നൈയില്‍ നിന്നുള്ള മനിതി സംഘത്തിലെ മൂന്നുപേര്‍ മുഖ്യമന്ത്രിയെ കാണണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തി. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തിന് നേരെ ബിജെപി – യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം.

വസുമതി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കഴിയാത്തതിനെ തുടര്‍ന്ന് ഇവര്‍ ഇന്ന് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ യുവമോര്‍ച്ചാ സംഘം എത്തിയത്.

മുഖ്യമന്ത്രിയുമായുള്ള സന്ദര്‍ശനത്തിന് ഇന്ന് അവസരം തേടാനിരിക്കെയാണ് മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നംഗ സംഘം തിരികേ പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഈ സമയത്ത് വനിതകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ എത്തിചേരുകയായിരുന്നു.

അസഭ്യം നിറഞ്ഞ വാക്കുകളോടെയായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനില്‍ കയറ്റി വാതിലും ജനലുകളും അടക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല. ഇതിനിടെ ട്രയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു. ഇതിന് ശേഷം പ്രതിഷേധക്കാര്‍ റെയില്‍വേസ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വികലാംഗരുടെ കംപാര്‍ട്ട്മെന്റില്‍ മനിതി പ്രവര്‍ത്തകര്‍ക്ക് യാത്ര ഒരുക്കിയ സംഭവത്തില്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.