ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം : രാജിക്കായി പ്രതിപക്ഷം

Jaihind Webdesk
Tuesday, December 14, 2021

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതുരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഗവർണർക്ക് കത്തു നൽകിയ മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗമെന്നാണ് ആരോപണം. അതേസമയം മന്ത്രിയുടെ ശുപാർശ അംഗീകരിച്ച ഗവർണറുടെ നടപടിയും ചട്ടവിരുദ്ധമാണ്.

പ്രൊ വിസി എന്ന എന്ന അധികാരം ഉപയോഗിച്ചാണ് വിസി നിയമനത്തിന് മന്ത്രി ആർ. ബിന്ദു ശുപാർശ നൽകിയത്. എന്നാൽ മന്ത്രിക്ക് ഇതിന് അധികാരമില്ല. സെർച്ച് കമ്മിറ്റിയാണ് വിസി നിയമന പട്ടിക ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറേണ്ടത്. ആ പട്ടികയിൽ നിന്ന് ഗവർണർ വിസിയെ തെരഞ്ഞെടുക്കണം. ഇല്ലാത്ത അധികാരം അവകാശപ്പെട്ട് മന്ത്രി നൽകിയത് ശിപാർശ കത്താണെന്നാണ് പ്രതിപക്ഷ ആരോപണം.

മന്ത്രിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി വിസി നിയമനത്തിന് അംഗീകാരം നൽകിയ ഗവർണറുടെ നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നൽകിയ നിർദേശം എന്തിന് ഗവർണർ അംഗീകരിച്ചു കൊടുത്തു എന്നതാണ് ചോദ്യം. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കും.