കൊവിഡ് രോഗി ആശുപത്രിയിൽ എത്തിയ വിവരം മറച്ചു വെച്ചു; നിരീക്ഷണത്തില്‍ ഉള്ള ജീവനക്കാർക്കും ഡ്യൂട്ടി : പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്കെതിരെ പ്രതിഷേധം

കോഴിക്കോട് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്കെതിരെ വിമർശനം ശക്തമാകുന്നു. കൊവിഡ് രോഗി ആശുപത്രിയിൽ എത്തിയ വിവരം മറച്ചു വെച്ചത് കൂടാതെ, അത് തുറന്നു പറഞ്ഞ സിപിഎം അനുഭാവിയായ ജീവനക്കാരനെ ആശുപത്രിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വിഷയത്തിൽ വലിയ പ്രതിഷേധമാണ് പ്രദേശത്തു നിന്നും ഉയരുന്നത്.

കോഴിക്കോട് പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ഇ.എം. എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു രോഗിക്ക് കൊവിഡ് വൈറസ് സ്ഥിരീകരിക്കുകയും രണ്ടു ആശുപത്രി ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേരിലേക്കു രോഗം വ്യാപിക്കുകയും ചെയ്തു. എന്നാൽ അവിടെ ചികിത്സ തേടിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം ആശുപത്രി അധികൃതർ മറച്ചു വെച്ചു. ഇത് കൂടാതെ ആശുപത്രി അണുവിമുക്തമാക്കാനും അധികൃതർ തയ്യാറായില്ല. ഇതിനിടെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നതോടെ ആശുപത്രി അണുവിമുക്തമാക്കി ആശുപത്രി മുഖം രക്ഷിച്ചു.

ആശുപത്രി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 20 ഓളം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലേക്കു മാറി. എന്നാൽ ജീവനക്കാരില്ലാത്ത സാഹചര്യത്തിൽ ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. പേരാമ്പ്രയിൽ നിരവധി വാർഡുകൾ നിയന്ത്രിത മേഖലയായ സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്ന് ഉയരുന്നത്.

https://youtu.be/39WUe4kRt_E

Comments (0)
Add Comment