യുഎൻഎയ്ക്ക് എതിരായ അഴിമതി കേസ് : സംഘടനയെ തകർക്കാനുള്ള നീക്കം; പിന്നിൽ സിഐടിയു സമ്മർദ്ദമെന്നും ആരോപണം

Jaihind News Bureau
Thursday, September 26, 2019

യുണൈറ്റഡ് നഴ്സസ് അസോസിയേഷനെതിരായ അഴിമതി കേസിന് പിന്നിൽ സിഐടിയു സമ്മർദ്ദമെന്ന് ആരോപണം. യുഎൻഎ യെ തകർക്കാനുള്ള നീക്കത്തിനെതിരെ നൂറു കണക്കിന് നഴ്സുമാർ തൃശൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്. എന്നാൽ ഈ പരാതിക്കും കേസിനും പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് യുഎൻഎയുടെ ആരോപണം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സിഐടിയു നേതൃത്വത്തിലുള്ള സംഘടനയിൽ ചേരാൻ വിസമ്മതിച്ചതാണ് കാരണമെന്നും യു എൻ എ നേതാക്കൾ പറയുന്നു.

രാഷ്ട്രീയ നേതാക്കളുടെയും സംഘടനകളുടെയും പിരിവിന്റെ കണക്ക് ചോദിക്കാത്ത സർക്കാർ, ഒരു പരാതിയുടെ പേരിൽ യുഎൻഎ നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസടക്കം ഇറക്കി. കൊലപാതക കേസിലടക്കം എടുക്കാത്ത നടപടിയാണിത്. സംഘടനയെ തകർക്കാനുള്ള സിഐടിയു ശ്രമത്തിന്റെ ഭാഗമാണിതെന്നും യുഎൻഎ ആരോപിക്കുന്നു.

സംഘടനയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ തൃശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു.