യുവതിയുടെ ഫോൺ ചോർത്തിയ സംഭവം ; അസിസ്റ്റന്‍റ് കമ്മീഷണർക്കെതിരായ പ്രതിഷേധം ശക്തം

Jaihind Webdesk
Monday, November 8, 2021

മലപ്പുറം സ്വദേശിനിയായ യുവതിയുടെ ഫോൺ ചോർത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ സുദർശനന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന മലപ്പുറം എസ് പി യുടെ റിപ്പോർട്ടിലെ തുടർ നടപടികളും വൈകുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന ആവശ്യം പോലീസുകാർക്കിടയിലും ശക്തമാണ്.

മലപ്പുറം സ്വദേശിനിയായ യുവതിയുടെ ഫോണ് വിളി സംബന്ധിച്ച വിവരങ്ങളാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണറായ സുദർശനൻ തന്റെ സുഹൃത്തും യുവതിയുടെ ഭർത്താവുമായ വ്യക്തിയ്ക്ക് ചോർത്തി നൽകിയത്. കോടതിയുടെയോ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെയോ നിർദ്ദേശമോ വീട്ടമ്മയുടെ അനുവാദമോ ഇല്ലാതെയായിരുന്നു ഫോൺ ചോർത്തൽ. യുവതിയുടെ ഫോൺ വിളി രേഖകൾ എടുക്കാൻ തന്‍റെ മേലുദ്യോഗസ്ഥനെ പോലും അസിസ്റ്റന്‍റ് കമ്മീഷണർ കബളിപ്പിച്ചതായും ആരോപണമുണ്ട്. ലഭ്യമായ വിവരങ്ങൾ യുവതിയുടെ ഭർത്താവിന് കൈമാറുകയും ചെയ്തു. ഇയാൾ രേഖകൾ പരസ്യമാക്കുകയും യുവതിയെ മോശക്കാരിയായി ചിത്രീകരിക്കുകയും ചെയ്തതോടെ യുവതി മലപ്പുറം എസ്പി സുജിത്ദാസ് ഐപിഎസിന് ഇത് സംബന്ധിച്ച് പരാതി നൽകി. തുടർന്ന് മലപ്പുറം എസ് പി നടത്തിയ അന്വേഷണത്തിലാണ് ഫോൺ രേഖകൾ ചോർത്തിയത് അസിസ്റ്റന്റ് കമ്മീഷണർ സുദർശനൻ ആണെന്ന് വ്യക്തമായത്.

ഇതോടെ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്പി ഡിജിപിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ അസിസ്റ്റന്റ് കമ്മീഷണർ ഗുരുതര കുറ്റം ചെയ്തതായി തെളിഞ്ഞിട്ടും വകുപ്പ് തല അന്വേഷണത്തിന് മാത്രമാണ് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പി രാഹുൽ നായർക്കാണ് കേസിന്റെ അന്വേഷണ ചുമതല.