പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ആന്തൂർ നഗരസഭ ഓഫീസിന് നേരെ പ്രതിഷേധം ശക്തം

Jaihind Webdesk
Tuesday, June 25, 2019

Beena-Sajan-Kannur

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. സാജന്‍റെ ബിസിനസ് ഇടപാടുകളും, സൗഹൃദങ്ങളുമടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, ഭർത്താവിന്‍റെ ആത്മഹത്യയിൽ പി.കെ.ശ്യാമളയ്ക്ക് പങ്കുണ്ടെന്ന് സാജന്‍റെ ഭാര്യ ആവർത്തിച്ചു.

ആദ്യ ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘം തീരുമാനിച്ചിരിക്കുന്നത്. സാജന്‍റെ ഭാര്യയുടെയും, അടുത്ത ബന്ധുക്കളുടെയും മൊഴികളെ വിശദമായി വിലയിരുത്തിയാണ് അന്വേഷണം മുന്നോട്ട് പോവുക. വീട്ടിൽ നിന്നും കണ്ടെത്തിയ സാജന്‍റെ നോട്ടിലെ ചില വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.  സാജന് മനോവിഷമം ഉണ്ടാക്കിയ ചില കാര്യങ്ങളെ കുറിച്ച് നോട്ട് ബുക്കിൽ പരാമർശം ഉണ്ട്.

നേരത്തെ കണ്ടെത്തിയ സാജന്‍റെ ഐഫോണിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം കൺവെൻഷൻ സെന്‍ററിന്‍റെ നിർമ്മാണവും, ലൈസൻസുമടക്കമുള്ള വിഷയങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിന്‍റെ രേഖകൾ കഴിഞ്ഞ ദിവസം ആന്തൂർ നഗരഭാ ഓഫീസിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൺവെൻഷൻ സെന്‍റർ  നിർമ്മാണവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ഓഫിസിൽ സമർപ്പിക്കപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുന്നുണ്ട്.

ഇത് പൂർത്തിയാക്കിയാകും ചെയർപേഴ്സന്‍റെയും, സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കുക. അതേ സമയം ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് സാജന്‍റെ ഭാര്യ തള്ളി. ചെയർപേഴ്സണറിയാതെ ഉദ്യോഗസ്ഥർ ലൈസൻസ് നിഷേധിക്കില്ലെന്നും ബീന പറഞ്ഞു.

ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നാളെ പ്രതിഷേധ പരിപാടികൾ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി യുഡിഎഫ് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നാളെ ആന്തൂർ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വ്യാഴാഴ്ച നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

teevandi enkile ennodu para