ഗവർണറുടെ രണ്ടാമത്തെ ‘പ്രണയലേഖനവും’ കിട്ടി; കത്തുകളില്‍ നിന്നും എന്നെ രക്ഷിക്കൂ: സ്പീക്കറോട് കുമാരസ്വാമി

കർണാടകത്തിൽ ഗവർണറുടെ അന്ത്യശാസനം തള്ളി കോൺഗ്രസ്. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചുള്ള ഗവർണറുടെ കത്ത് തന്നെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ആദ്യ കത്തില്‍ നിർദേശിച്ച സമയപരിധിയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതിരുന്നതിന് പിന്നാലെ ഗവര്‍ണർ രണ്ടാമതും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുമാരസ്വാമി ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് തന്നെ സഹായിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടത്. ഈ കത്തുകളില്‍ നിന്ന് രക്ഷിക്കൂ എന്നും തമാശരൂപേണ കുമാരസ്വാമി സഭയില്‍ പറഞ്ഞു.

‘ഗവര്‍ണറുടെ രണ്ടാമത്തെ ‘ലവ് ലെറ്റര്‍’ എന്നെ വളരെയധികം വേദനിപ്പിക്കുന്നു. കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹം കത്തില്‍ പരാമർശിച്ചിരിക്കുന്നു. ഇപ്പോള്‍ മാത്രമാണോ അദ്ദേഹം അത് മനസിലാക്കിയത്? കഴിഞ്ഞ കുറേദിവസങ്ങളായി ഇവിടെ അരങ്ങേറുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണോ? ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹിയില്‍ നിന്നല്ല, അതിനുള്ള അധികാരം സ്പീക്കർക്കാണ്’ – കുമാരസ്വാമി സഭയില്‍ പറഞ്ഞു.

അതേസമയം ചർച്ച പൂർത്തിയാകാതെ വിശ്വാസവോട്ടെടുപ്പ് നടത്താനാകില്ല എന്ന് സ്പീക്കർ വ്യക്തമാക്കി. എത്ര സമയപരിധി ഉണ്ടെങ്കിലും ചട്ടപ്രകാരം മാത്രമേ നടപടി ഉണ്ടാകൂ എന്നാണ് സ്പീക്കറുടെ നിലപാട്. സഭയിൽ വിശ്വാസപ്രമേയ ചർച്ച പുരോഗമിക്കുകയാണ്. അതേസമയം കോൺഗ്രസ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു.

karnatakaHD Kumaraswamy
Comments (0)
Add Comment