കണ്ണൂർ- മുൻ വി.സി നടത്തിയ അധ്യാപക നിയമനങ്ങൾ പുന:പരിശോധിക്കണം; ഗവർണർക്കും കണ്ണൂർ വി.സിക്കും നിവേദനം

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ നടത്തിയ അധ്യാപക നിയമനങ്ങൾ പുന:പരിശോധിക്കണമെന്ന് പറഞ്ഞ് ഗവർണർക്കും കണ്ണൂർ വിസിക്കും നിവേദനം നല്‍കി. മുൻ വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനം സുപ്രീം കോടതി അയോഗ്യമാക്കിയ വിധി വന്നിട്ടും ഇന്‍റർവ്യൂ നടത്തി നിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. അതേസമയം വി.സിയായുള്ള പുനർ നിയമനത്തിനുശേഷം അദ്ദേഹം നടത്തിയ എല്ലാ അധ്യാപക നിയമങ്ങളും പുനഃ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും കണ്ണൂർ വി.സിക്കുമാണ് നിവേദനം നല്‍കിയത്.  ഇന്‍റർവ്യുകൾ എല്ലാം ഓൺലൈനായി നടത്തിയതിൽ ദുരൂഹതയുണ്ടെന്നും സമിതി ആരോപിച്ചു.

ഇൻറർവ്യൂ നേരിട്ട് നടത്താത്തതിനാൽ ഇന്‍റർവ്യൂവിൽ ആരെല്ലാം പങ്കെടുത്തെന്നുപോലും മറ്റ് ഉദ്യോഗാർത്ഥികൾക്ക് അറിയാൻ കഴിയുന്നില്ല. കോവിഡ്കാലത്ത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ രീതി കണ്ണൂരിൽ മാത്രമായി തുടർന്നത് ബോധപൂർവ്വമാണ്. സുപ്രീംകോടതി വിധി വന്ന ദിവസം പോലും ഇന്‍റർവ്യൂ നടത്തി തനിക്ക് താൽപ്പര്യമുള്ള ഒരാൾക്ക് ജ്യോഗ്രഫി വിഷയത്തിൽ അസിസ്റ്റന്‍റ് പ്രൊഫസ്സറായി ഒന്നാം റാങ്ക് നൽകിയതാണ് ഇപ്പോൾ വിവാദമയിരിക്കുന്നത്. രണ്ട് ദിവസമായിട്ടായിരുന്നു ഇന്‍റർവ്യൂ നടന്നത്. അതില്‍ ആദ്യ ദിവസം മുഴുവൻ സമയവും വിധി വന്ന ദിവസവും മറ്റൊരു പ്രൊഫസറെ ചുമതലപ്പെടുത്തിയും ഇന്‍റർവ്യൂ പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് മുൻ വി.സിക്ക് വേണ്ടപ്പെട്ട ആൾക്ക് നിയമനം നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് പറയുന്നത്. ഒരു വിഷയത്തിൽ വ്യത്യസ്ഥ ബോർഡ് ഇന്‍റർവ്യു നടത്തുന്നതും, മറ്റൊരാളെ വി.സിയുടെ നോമിനിയായി ഇന്‍റർവ്യു നടത്താൻ ചുമതലപ്പെടുത്തുന്നതും ചട്ട വിരുദ്ധമാണ്. ഒന്നാം റാങ്ക് നൽകിയിട്ടുള്ള ടി. പി. സുധീപിന്‍റെ ഗവേഷണ ഗൈഡ് ആയ ജെ.എന്‍.യുവിലെ പ്രൊഫസറെ മുൻ വി.സി വിഷയ വിദഗ്ധനായി നിയമിച്ചത് പ്രസ്തുത ഉദ്യോഗാർത്ഥിയ്ക്ക് ഒന്നാം റാങ്ക് നൽകാനായിരുന്നുവെന്ന് ആരോപണമുണ്ട്.

Comments (0)
Add Comment