പൊതുമേഖലാ ഇൻഷുറൻസ് കമ്പനി ജീവനക്കാരുടെ പ്രശ്നങ്ങള്‍; എം.കെ രാഘവൻ എം.പി ധനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

Jaihind Webdesk
Monday, July 26, 2021

ന്യൂഡല്‍ഹി: പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികനികളുടെ സ്വകാര്യവത്കരണത്തിൽ ജീവനക്കാരുടെ വിവിധ വിഷയങ്ങളുയർത്തി എം.കെ രാഘവന്‍ എം.പി ധനമന്ത്രി നിർമ്മല സീതാരാമാനുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്‍റ് മന്ദിരത്തിലെ ധനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് തിങ്കളാഴ്ച കൂടിക്കാഴ്ച നടന്നത്.

സ്വകാര്യ വത്കരണം ഇന്‍ഷുറന്‍സ് കമ്പനികളിലെ ജീവനക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി. ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന കഠിനമായ മത്സര പരീക്ഷ പാസായി ജോലി ലഭിച്ച ജീവനക്കാരെല്ലാം തന്നെ ആശങ്കയിലാണ്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. നിലവിലുള്ള ഈ കമ്പനികളുടെ പൊതുസമൂഹത്തോടുള്ള പ്രതിജ്ഞാബന്ധത സ്വകാര്യ വത്കരണത്തോട് കൂടി എങ്ങനെയാകുമെന്ന കാര്യത്തില്‍ സമൂഹവും ആശങ്കയിലാണ്.

പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഇന്‍ഷുറന്‍സ് പദ്ധതികളൊക്കെയും ഈ കമ്പനികള്‍ വഴിയാണ് നടപ്പിലാക്കുന്നത്. സ്വകാര്യ വത്കരണം ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനെ എത്തരത്തില്‍ ബാധിക്കുമെന്ന് വ്യക്തതയില്ല. നിലവിലുള്ള സ്വകാര്യ ജന. ഇന്‍ഷുറന്‍സ് കമ്പനികള്‍ എല്ലാം ഇത്തരം സര്‍ക്കാര്‍ പദ്ധതികളോട് വിമുഖത കാണിച്ച ചരിത്രമാണുള്ളതെന്നും, അവര്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ ഐ.ആര്‍.ഡി.ഐ ക്ക് വര്‍ഷാവര്‍ഷം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്.

ഈ കാര്യങ്ങള്‍ പരിഗണിച്ച് സ്വകാര്യ വത്കരണത്തിന് പകരം മുൻപ് പരിഗണനയിലുണ്ടായിരുന്ന പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം സംബന്ധിച്ച് അനുകൂല തീരുമാനങ്ങളാണ് ആവശ്യം. അത് നടപ്പിലായാൽ രാജ്യത്തിന് വലിയ നേട്ടവും, ആഗോള തലത്തില്‍ ഇൻഷുറൻസ് മേഖലയിലെ ഒരു ഭീമമായ കമ്പനിയെ തന്നെ ഇന്ത്യക്ക് സംഭാവന ചെയ്യുന്നതിനും സാധിക്കും.

അതോടൊപ്പം, കമ്പനികളുടെ യുവ ജീവനക്കാര്‍ക്ക് സുരക്ഷിതമായ കരിയര്‍ സാധ്യതകളും, ഇന്‍റര്‍നാഷണല്‍ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പാക്കേജ്, മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം തുടങ്ങിയ ആവശ്യങ്ങളും നടപ്പിലാക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകി.