ദിലീപിനെ പൂട്ടാന്‍ അന്വേഷണസംഘം; ഒരേ സമയം മൂന്നിടങ്ങളില്‍ റെയ്ഡ്; ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

Jaihind Webdesk
Thursday, January 13, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെയും സഹോദരന്‍റെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ഓഫീസിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോൺ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു എന്നാണ് വിവരം. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ദിലീപിന്‍റെ ആലുവ കൊട്ടാരക്കടവിലെ വീട്, സഹോദരൻ അനൂപിന്‍റെ പറവൂർ കവലയിലെ വീട്, എറണാകുളം ചിറ്റൂർ റോഡിലെ ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ഓഫീസ് എന്നിവിടങ്ങളിൽ ഒരേ സമയമാണ് അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കമ്പനിയിൽ അന്വേഷണസംഘം റെയ്ഡ് നടത്തിയത്.
സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ തേടാനായിരുന്നു ക്രൈം ബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകൾ തേടി ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആലുവയിലെ ദിലീപിന്‍റെ ‘പത്മസരോവരം’ എന്ന വീട്ടിൽ പരിശോധന നടത്തിയത്.

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി വ്യാപക പരിശോധന നടത്തുകയായിരുന്നു അന്വേഷണ സംഘം. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനായിരുന്നു പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.