കൊല്ലം : സിപിഎം നിയന്ത്രണത്തിലുള്ള കൊല്ലം മയ്യനാട് കൂട്ടിക്കട സഹകരണ ബാങ്ക് ക്രമക്കേടിനെക്കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മയ്യനാട് കൂട്ടിക്കട സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തെ തുടർന്ന് സിപിഎമ്മിൽ ഭിന്നത ഉടലെടുക്കുകയും പാർട്ടി ഏരിയാ സെക്രട്ടറിയും നേതാക്കളും ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നതായ ആരോപണവുമായി സിപിഎമ്മുകാരനായ ബാങ്ക് പ്രസിഡന്റ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ബിനാമി ഇടപാടിൽ വിലകുറഞ്ഞ ചതുപ്പ് സ്ഥലങ്ങൾ വാങ്ങി ബാങ്ക് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മറ്റി അംഗമായ ജീവനക്കാരനും ഭരണ സമിതിലെ ചിലരുടെ പിന്തുണയോടെ ഉയർന്ന തുകയ്ക്ക് ബാങ്കിൽ പണയപ്പെടുത്തി കോടികൾ തട്ടിയെടുത്തതായി ആരോപണത്തെക്കുറിച്ചാണ് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കും. ക്രമക്കേടിൽ മുൻ ജീവനക്കാർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കാനും സഹകരണ വകുപ്പ് ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയത്. സിപിഎം നിയന്ത്രണത്തിലുള്ള കൊല്ലം മയ്യനാട് കൂട്ടിക്കട സഹകരണ ബാങ്ക് ക്രമക്കേടിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷമായി.
പാർട്ടി ഏരിയാ സെക്രട്ടറിയും നേതാക്കളും ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഎമ്മുകാരനായ ബാങ്ക് പ്രസിഡന്റ് രംഗത്തെത്തി. ബാങ്ക് ഭരണം പിടിക്കാൻ ഒരു വിഭാഗം പാർട്ടി നേതാക്കൾ ശ്രമിക്കുന്നതായും ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നുമുള്ള വാദമാണ് നിലവിലെ ഭരണ സമിതി ഉയർത്തുന്നത്. ഇതിനിടയിലാണ് ക്രമക്കേടിനെക്കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.