മാസപ്പടിയില്‍ പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമം; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ മാസപ്പടി അന്വേഷണത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. മാസപ്പടിയിൽ വീണ്ടും പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമായ സിപിഎമ്മും സർക്കാരും അന്വേഷണം
രാഷ്ട്രീയ പ്രേരിതമെന്ന് വ്യാഖ്യാനിച്ച് തടിതപ്പാൻ ശ്രമിക്കുമ്പോൾ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്താന്‍ തന്നെയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

എം.ടി. വാസുദേവൻ നായർ ഉൾപ്പെടെയുള്ള സാഹിത്യ നായകന്മാരുടെ തുറന്ന വിമർശനത്തിന് പിന്നാലെ സർക്കാരിനും സിപിഎമ്മിനും മറ്റൊരു ഇരുട്ടടിയായിട്ടാണ് മാസപ്പടി വിവാദത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കും കെഎസ്ഐഡിസിക്കും എതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത് പാർട്ടിയേയും സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലും പ്രതിക്കൂട്ടിലും ആക്കി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ കമ്പനിയെ ന്യായീകരിച്ചും
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ടയാടലിന്‍റെ ഭാഗമാണ് അന്വേഷണം എന്ന് വ്യാഖ്യാനിച്ച് സിപിഎം പുകമറ സൃഷ്ടിക്കുമ്പോഴും മാസപ്പടിയിൽ കനത്ത തിരിച്ചടി തന്നെയാണ് മുഖ്യമന്ത്രിക്കും മകൾക്കും ഏറ്റിരിക്കുന്നത്.

മാസപ്പടിയിൽ പ്രതിഷേധവും പ്രചാരണവും കൂടുതൽ ശക്തമാക്കുവാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. മാസപ്പടിയിൽ ശക്തമായ പ്രതിഷേധങ്ങൾ നേരത്തെ ഉയർത്തിയ പ്രതിപക്ഷം വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കും. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് അന്വേഷണ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

Comments (0)
Add Comment