സോഷ്യൽ മീഡിയയിലും ചുവടുറപ്പിച്ച് പ്രിയങ്ക

Jaihind Webdesk
Friday, March 15, 2019

പൊതുയോഗങ്ങളും പ്രചരണ റാലികളുമായി രാജ്യമാകെ പോരാട്ടം നയിക്കാൻ തയ്യാറെടുക്കുന്ന പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിലും ചുവടുറപ്പിക്കുകയാണ്. ഫെബ്രുവരി 11 ആം തീയതി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയ പ്രിയങ്ക ഒരുമാസം പിന്നിടുമ്പോൾ ട്വീറ്റുകളുമായി കളം നിറയുകയാണ്. സബർമതി ആശ്രമം സന്ദർശിച്ചതിന്‍റെ വിവരങ്ങൾ പങ്കുവച്ചായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറിയുടെ അരങ്ങേറ്റം.

എ ഐ സി സി ജനറൽ സെക്രട്ടറിയായുള്ള പ്രീയങ്ക ഗാന്ധിയുടെ വരവ് പ്രവർത്തകർക്ക് വലിയ ആവേശവും ഊർജവുമായിരുന്നു. നിർണായകമായ പൊതുതെരഞ്ഞെടുപ്പ് യുദ്ധത്തിൽ രാഹുൽഗാന്ധി പട നയിക്കുമ്പോൾ കരുത്ത് പകരുകയാണ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിന് പുറത്ത് ആദ്യ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ പങ്കെടുത്ത പ്രിയങ്ക രാജ്യശ്രദ്ധയാകർഷിക്കുകയാണെന്നതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ തികഞ്ഞ പക്വതയാർന്ന പെരുമാറ്റം പ്രീയങ്ക നടത്തിയതെന്ന വിലയിരുത്തലാണ് വിവിധ രാഷ്ട്രീയ കോണുകളിൽ നിന്നും ഉയരുന്നത്.

ഫെബ്രുവരി 11 ാം തിയതി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയ പ്രിയങ്ക കൃത്യം ഒരുമാസം പിന്നിടുമ്പോൾ ട്വീറ്റുകളുമായി കളം നിറയുകയാണ്. മഹാത്മ ഗാന്ധിയുടെ വചനങ്ങൾ ഏറ്റുപറഞ്ഞുള്ള ആദ്യ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറിൽ തന്നെ കാൽ ലക്ഷത്തിലധികം ആളുകൾ പിന്തുടർന്ന് എത്തുകയും ചെയ്തിരുന്നു. രണ്ടര ലക്ഷത്തിലധികം പേരാണ് ഒരു മാസം കൊണ്ട് പ്രിയങ്കയെ പിന്തുടരുന്നത്.