പ്രിയങ്കാ ഗാന്ധിയെ ബി.ജെ.പി ഭയക്കുന്നു; കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന്‍റെ പാതയില്‍: രാജ് ബബ്ബർ

Jaihind Webdesk
Sunday, September 22, 2019

ലക്നൌ: ബി.ജെ.പി പ്രിയങ്കാ ഗാന്ധിയെ ഭയക്കുന്നതായി യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍. ബി.ജെ.പിക്കെതിരെ ആത്മാർത്ഥമായി പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവെക്കും. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധി കിഴക്കന്‍ ഉത്തർപ്രദേശിന്‍റെ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഊര്‍ജം തിരികെ ലഭിച്ചിരിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ പ്രിയങ്കാ ഗാന്ധിയുടെ നിലപാടുകള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. ബി.ജെ.പി പ്രിയങ്കാ ഗാന്ധിയെ ഭയപ്പെടുന്നുവെന്നും രാജ് ബബ്ബർ പറഞ്ഞു.

‘പ്രിയങ്കാ ഗാന്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ബി.ജെ.പി നേതൃത്വത്തിന് മറുപടി നല്‍കാന്‍ കഴിയുന്നില്ല. വിവിധ വിഷയങ്ങളില്‍ പ്രിയങ്കയുടെ കാഴ്ചപ്പാടുകള്‍ക്കും നിലപാടുകള്‍ക്കുമുള്ള ജനസ്വീകാര്യത ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. ജനങ്ങളുടെ ഹൃദയത്തില്‍ പ്രിയങ്ക സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു’ – രാജ് ബബ്ബർ പറഞ്ഞു.

ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ്. മറ്റുള്ളവരെല്ലാം ഭയപ്പാടിലാണ്. വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ നീങ്ങുന്നതെന്നും ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാജ് ബബ്ബർ പറഞ്ഞു.

teevandi enkile ennodu para