പ്രിയങ്കാ ഗാന്ധിയുടെ പൊതുപരിപാടികള്‍ക്ക് ഇന്ന് ലക്നൗവില്‍ തുടക്കം; കരുത്ത് കാട്ടാന്‍ റോഡ് ഷോ

Jaihind Webdesk
Monday, February 11, 2019

priyanka-gandhi

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ പൊതുപരിപാടികള്‍ക്ക് ഇന്ന് ലക്നൗവില്‍ തുടക്കമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിക്കും.

പ്രിയങ്കയെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ ഇതിനോടകം പൂര്‍ത്തിയായി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്കയുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ലക്നൗവില്‍ വിമാനമിറങ്ങിയാല്‍ പാര്‍ട്ടി ഓഫീസ് വരെ നീളുന്ന റോഡ്ഷോ, ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായും ഭാരവാഹികളുമായും കൂടിക്കാഴ്ച, തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വിവിധ തലത്തിലുള്ള പാര്‍ട്ടി നേതൃത്വവുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച എന്നിവയാണ് ഈ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശില്‍ തുടക്കമാകുന്നത്.

പ്രിയങ്കയുടെ വരവിനെതിരെ ശക്തമായ പ്രചാരണമാണ് എതിര്‍ പാര്‍ട്ടികള്‍ അഴിച്ചുവിട്ടിരുന്നത്. പ്രിയങ്കയുടെ വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമാകും എന്നതോടൊപ്പം ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ കഴിയും എന്നതാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഒപ്പം എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ക്കും പ്രിയങ്കയുടെ വരവ് ക്ഷീണമുണ്ടാക്കിയേക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നുണ്ട്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലുള്ളത്. ബി.എസ്.പിയുടെയോ എസ്.പിയുടെയോ ഭാഗമല്ലാതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.[yop_poll id=2]