പ്രിയങ്ക ഗാന്ധി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു; ആശിഷിന്റെയും കുടുംബത്തിന്റെയും അനുഭവം ഒരുദാഹരണം മാത്രം

Jaihind Webdesk
Wednesday, February 6, 2019

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതയായതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും പ്രധാന വാര്‍ത്തയായത്. അനുമോദനങ്ങളും വിമര്‍ശനങ്ങളും ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുമുണ്ടായി. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ കാലങ്ങളായി അവര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീമായിരുന്നു. അതിന്റെ ഒരുദാഹരണമാണ് ആശിഷ് യാദവിന്റെയും കുടുംബത്തിന്റെയും അനുഭവം.

ഭിന്നശേഷിക്കാരനായ ആശിഷ് യാദവിനെ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സിക്കുന്നതും പരിചരിക്കുന്നതും പ്രിയങ്ക ഗാന്ധിയാണ്. ഡല്‍ഹി ഔറംഗസേബ് റോഡിലെ ചേരിയിലാണ് ആശിഷ് യാദവും കുടുംബവും താമസിക്കുന്നത്. തിങ്കളാഴ്ച പ്രിയങ്ക ആശിഷിനേയും കുംടുംബത്തേയും കാണാന്‍ ഔറംഗസേബ് റോഡിലെ വീട്ടിലെത്തിയിരുന്നു. തന്റെ മകന്റെ ചികിത്സയ്ക്കും മറ്റുമായി അകമഴിഞ്ഞ് സഹായിക്കുന്ന പ്രിയങ്കഗാന്ധിയെക്കുറിച്ച് ആശിഷിന്റെ കുടുംബത്തിന് ആയിരംനാവാണ്.

എല്ലാ രണ്ടുമാസം കൂടുമ്പോഴും പ്രിയങ്കഗാന്ധി ആശിഷിനെ കാണാന്‍ വരാറുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറയുന്നു. വീട്ടിലേക്ക് വരികയും കുടുംബവുമൊത്ത് സമയം ചെലവഴിക്കുകയും ആശിഷിന്റെ ചികിത്സയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തുമാണ് തിരികെപോകാറുള്ളത്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും സ്വന്തം കുടുംബത്തെ പോലെയാണ് തങ്ങളെ പരിചരിക്കുന്നതെന്നും സുഭാഷ് യാദവ് പറയുന്നു.
ദില്ലിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട വിദ്യാര്‍ഥിനി നിര്‍ഭയയുടെ കുടുംബത്തിന് കൈത്താങ്ങായി എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു.