പ്രിയങ്ക പറയാനുള്ളതെല്ലാം മാറ്റി വച്ചു.. ധീരജവാന്മാരുടെ സ്മരണയ്ക്ക് മുന്നില്‍

Jaihind Webdesk
Thursday, February 14, 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തനിക്ക് രാജ്യത്തോട് പറയാനുള്ളതെല്ലാം മാറ്റി വച്ചു, പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ സ്മരണയ്ക്ക് മുന്നില്‍. 30 പേര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ അത്യാഹിതത്തിന് ശേഷം രാഷ്ട്രീയം സംസാരിക്കുന്നത് ഉചിതമാകില്ലെന്നും സംഭവം തന്നെ മുറിവേല്‍പ്പിച്ചുവെന്നും പറഞ്ഞ പ്രിയങ്ക പത്രസമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള തന്‍റെ ആദ്യ പത്രസമ്മേളനത്തിനായി എത്തിയ പ്രിയങ്ക മരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് മൗന പ്രാര്‍ത്ഥനയ്ക്ക് ശേഷം പത്രസമ്മേളനം മാറ്റിവയ്ക്കുന്നതായി അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

https://youtu.be/1hhIoJCydD8

കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല രാജ്യം മുഴുവനും കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തോടൊപ്പം അവര്‍ക്ക് താങ്ങായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്നും അതോടൊപ്പം തന്നെ പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് വേണ്ട സഹായം എത്തിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി. തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും നേരത്തെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

കശ്മീരിലെ ഭീകരാക്രമണം ഭീരുത്വമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സൈനികരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി മുറിവേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും ട്വീറ്റ് ചെയ്തു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വ്യൂഹത്തിലെ ബസിന് നേരെ
പുല്‍വാമയില്‍ വച്ചുണ്ടായ ത്രീവ്രവാദി ആക്രമണത്തിലാണ് 30 ജവന്മാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മൊഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.