റായ്ബറേലിയിലും അമേഠിയിലും മുഴുവന്‍ സമയ പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി; വോട്ടെടുപ്പ് മെയ് 20ന്

ന്യൂഡൽഹി: റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ മുഴുവൻ സമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബൂത്തുതല ഏകോപനം മുതൽ വോട്ടെടുപ്പ് നടക്കുന്ന മെയ് 20 വരെ പ്രിയങ്കാ ഗാന്ധി ഇവിടുത്തെ  പ്രചാരണ പരിപാടികള്‍ നിയന്ത്രിക്കും. ഇന്നു റായ്ബറേലിയിൽ എത്തുന്ന പ്രിയങ്കാ ഗാന്ധി വോട്ടെടുപ്പ് വരെ ഇരുമണ്ഡലങ്ങളിലുമായി നൂറുകണക്കിനു ഗ്രാമസഭകളിൽ ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

അമേഠിയിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കിഷോരിലാല്‍ ശർമ്മയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് പ്രിയങ്ക തന്നെ അമേഠിയിലെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. റായ്ബറേലിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തില്‍ ബിജെപി അസ്വസ്ഥരാണ്. വയനാട്ടിന് പുറമെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇന്ത്യ മുന്നണിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അഞ്ചാം ഘട്ടമായ മെയ് 20 നാണ് രണ്ടിടത്തും വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Comments (0)
Add Comment