മോദി ജീവിതത്തിലിന്നേവരെ വിമാനമുണ്ടാക്കിയിട്ടില്ലാത്തവര്‍ വിമാനം ഉണ്ടാക്കട്ടെ എന്ന് തീരുമാനിച്ച ‘പ്രതിരോധ വിദഗ്ധന്‍’; മോദിയെ പരിഹസിച്ച് പ്രിയങ്ക

Jaihind Webdesk
Tuesday, May 14, 2019

പ്രധാനമന്ത്രിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ വിമര്‍ശിച്ചും പരിഹസിച്ചും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാലാവസ്ഥ മേഘാവൃത മോദി വിമാനങ്ങള്‍ റഡാറിന്‍റെ ശ്രദ്ധയില്‍ പെടില്ലെന്ന് കണ്ടെത്താന്‍ മാത്രം മികച്ച ഒരു ‘പ്രതിരോധ വിദഗ്ദ്ധന്‍’ ആണ് മോദി എന്നും പ്രിയങ്ക പരിഹസിച്ചു. ഇന്‍ഡോറില്‍ നടന്ന റോഡ് ഷോയ്ക്കിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

മഴയാണെങ്കിലും വെയിലാണെങ്കിലും മോദിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പക്ഷേ എല്ലാവര്‍ക്കുമറിയാമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മികച്ചൊരു പ്രതിരോധ വിദഗ്ധനായ അദ്ദേഹം തന്നെയാണ് ആരു വിമാനം നിര്‍മിക്കണമെന്നും തീരുമാനിച്ചത്. ജീവിതത്തില്‍ ഇന്നേവരെ വിമാനമുണ്ടാക്കിയിട്ടില്ലാത്തവര്‍ വിമാനം ഉണ്ടാക്കട്ടെ എന്ന് അദ്ദേഹം തീരുമാനിച്ചുവെന്നും റഫാല്‍ കരാര്‍ അനില്‍ അംബാനിക്കു നല്‍കിയതു ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു.

മോദിയും ബിജെപി നേതാക്കളും അധികാരത്തിന്‍റെ മതിഭ്രമത്തിലാണെന്നും അവര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാറില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. അധികാരം എങ്ങനെ നിലനിര്‍ത്തണമെന്നാണ് അവര്‍ ആലോചിച്ചത്. അവര്‍ ജനങ്ങളെ കാണുന്നതുപോലും നിര്‍ത്തി. ധാര്‍ഷ്ട്യം കൂടുകയും ചെയ്തുവെന്നും പ്രിയങ്ക ആരോപിച്ചു. ചെറുപ്പം മുതല്‍ അധികാരമെന്തെന്ന് അടുത്തുനിന്നു കാണ്ടിരുന്ന ആളാണ് താനെന്നും ഇന്ദിരാ ഗാന്ധി അടക്കമുള്ള വലിയ വലിയ പ്രധാനമന്ത്രിമാരെ കണ്ടാണ് വളര്‍ന്നതെന്നും പ്രിയങ്ക പറഞ്ഞു. അധികാരം തന്‍റേതാണെന്നു വിചാരിച്ച് ജനങ്ങളെ മറക്കാന്‍ തുടങ്ങിയാല്‍ ഒരു രാഷ്ട്രീയക്കാരന്‍റെ ഭാവി അവസാനിക്കും എന്ന കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും പ്രിയങ്ക പറഞ്ഞു.

നോട്ടുനിരോധനകാലത്ത് ഏതെങ്കിലും ബിജെപി നേതാവ് ബാങ്കിനു പുറത്ത് ക്യൂവില്‍ നിന്നു കണ്ടിട്ടുണ്ടോയെന്ന് ചോദിച്ച പ്രിയങ്ക അവരുടെ നയങ്ങള്‍ ജനങ്ങളെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സാഹചര്യം ഇത്രയും മോശമായതോടെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ അവര്‍ 40-60 വര്‍ഷം പഴക്കമുള്ള കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. നെഹ്‌റുജി അങ്ങനെ ചെയ്തു, ഇന്ദിരാ ഗാന്ധി അതു ചെയ്തു, രാജീവ് ഗാന്ധി ഇതു ചെയ്തു എന്നൊക്കെ ചോദിക്കുന്നതിന് പകരം ഈ ദശാബ്ദത്തിലേക്കു വരാനും കാല് നിലത്തുറപ്പിച്ച് നിന്ന് ജനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെടുന്നു. നിങ്ങളെന്താണു ചെയ്തതെന്ന് ജനങ്ങള്‍ നിങ്ങളോട് ചോദിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.