ഉത്തർപ്രദേശ്: കേന്ദ്ര സർക്കാരിന്‍റെ പോഷകാഹാര പദ്ധതിയില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത് ഉപ്പും ഉണക്ക റൊട്ടിയും. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും നല്‍കിയത്. പോഷകാഹാര പദ്ധതിയിലൂടെ പാലും പഴവും എന്നത് വാഗ്ദാനം മാത്രമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി.
സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയ്ക്ക് ഉപ്പും റൊട്ടിയും നല്‍കിയത്. കുട്ടികള്‍ റൊട്ടി ഉപ്പില്‍ മുക്കി കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയാണ് പേരില്‍ മാത്രമായി ഒതുങ്ങുന്നത്. ഒരു കുട്ടിക്ക് പ്രതിദിനം 450 കലോറി, 12 ഗ്രാം പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. കുറഞ്ഞത് 200 ദിവസമെങ്കിലും ഇത് ഉറപ്പാക്കുകയും വേണം. എന്നാല്‍ പലയിടങ്ങളിലും ഇത് കൃത്യമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഔദ്യോഗിക കണക്ക് അനുസരിച്ച് പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളുമാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കേണ്ടത്. ഇതുപ്രകാരം ആഴ്ചയില്‍ ചില ദിവസങ്ങളില്‍ പാലും പഴവും ഉറപ്പാക്കണം. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ഉപ്പും റൊട്ടിയുമാണ് നല്‍കുന്നത്. ചില ദിവസങ്ങളില്‍ റൊട്ടിക്ക് പകരം ചോറ് നല്‍കും. എന്നാല്‍ കറി ഉപ്പ് തന്നെ ആയിരിക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഉത്തർപ്രദേശിലെ സ്കൂളുകളിലെ ഒരു കോടിയിലേറെ കുട്ടികളാണ് സ്കൂളില്‍നിന്നുള്ള ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നത്.
സംഭവത്തില്‍ യോഗി ആദിത്യനാഥ് സർക്കാരിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ഉത്തർപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്‍റെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുന്നതാണ് സംഭവമെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഓരോദിവസം കഴിയുന്തോറും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുർബലപ്പെടുകയാണെന്നും കുട്ടികളോടുള്ള ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.