“ഉത്തർപ്രദേശില്‍ കർഷകർ വഞ്ചിക്കപ്പെട്ടു… അപമാനിക്കപ്പെടുന്നു” ബിജെപിയുടെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Wednesday, September 25, 2019

ബിജെപിയുടെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശില്‍ കൃഷിക്കാര്‍ക്ക് വേണ്ടിയുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ പരസ്യങ്ങളിലും പരസ്യബോർഡുകളിലും മാത്രമായി ഒതുക്കിയിരിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

കർഷകർക്ക് അവരുടെ പണം ലഭിക്കുന്നില്ല. വൈദ്യുതി വേണ്ടവണ്ണം ലഭിക്കുന്നില്ലെങ്കിലും വൈദ്യുതി ബില്ലുകൾ സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. വായ്പ എഴുതിത്തള്ളലിന്‍റെ പേരിൽ വഞ്ചിക്കപ്പെട്ട കർഷകരെ ഇപ്പോഴും സര്‍ക്കാര്‍ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

സഹാറണ്‍പൂരില്‍ കര്‍ഷകന്‍റെ മകന്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ 35 ലക്ഷം രൂപ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു യുവാവിന്‍റെ ആത്മഹത്യ. ഇതേത്തുടര്‍ന്ന് 7 മണിക്കൂറോളം ജനങ്ങള്‍ റോഡ് ഉപരോധിച്ചു. മരിച്ച യുവാവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ നടത്താനും അവര്‍ കൂട്ടാക്കിയില്ല. സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് എത്തിയ അധികൃതര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര സഹായമായി 5 ലക്ഷം രൂപ നല്‍കി. രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിയങ്കഗാന്ധിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും വാര്‍ത്തയും ട്വീറ്റില്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്.