ന്യൂഡല്‍ഹി: രാജ്യത്ത് ദുരിതം വിതച്ച കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറിയതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെക്കാള്‍ രാഷ്ട്രീയത്തിനും പ്രചാരണങ്ങള്‍ക്കുമാണ് പ്രധാനമന്ത്രി പ്രാധാന്യം നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറിയത്. അദ്ദേഹം നമ്മുടെ രാജ്യത്തെ നിരാശപ്പെടുത്തി. ഏറ്റവും മോശമായ കാര്യം സംഭവിക്കാന്‍ കാത്തിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഇമേജ് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും സ്വന്തം നാട്ടുകാരെക്കുറിച്ച് ചിന്തിക്കാന്‍ മെനക്കെട്ടിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു.
സ്വന്തം പ്രതിച്ഛായ ഉയര്‍ത്തുന്നതിനായി ലോകമെമ്പാടും സൗജന്യ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുപകരം, അദ്ദേഹം ആദ്യം തന്‍റെ ജനങ്ങളെ സംരക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. നിലവിലുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം സങ്കീര്‍ണമാണെന്നും അത് വാക്സിനേഷന്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ വേണ്ടി രൂപകല്‍പന ചെയ്തതാണെന്നും അവര്‍ ആരോപിച്ചു.
പകര്‍ച്ചവ്യാധി നേരിടാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമതിയുടെ ശുപാര്‍ശകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ തന്നെ മോദി സര്‍ക്കാര്‍ ഉത്തരവാദിത്വ രഹിതമായി പെരുമാറിയെന്നും സത്യം മറച്ചുവെയ്ക്കുന്നതായും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ക്കെതിരെ വിമർശിക്കുന്ന ‘ആരാണ് ഉത്തരവാദി’ എന്ന പേരിലുള്ള കോണ്‍ഗ്രസ് ക്യാമ്പെയ്നിന്‍റെ ഭാഗമായിട്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.