ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഉത്കണ്ഠ പങ്കുവച്ച് പ്രിയങ്ക

Jaihind Webdesk
Thursday, August 1, 2019

“അധികാരസ്ഥാനത്തിരിക്കുന്ന ഉന്നതര്‍ തെറ്റ് ചെയ്താല്‍ അവര്‍ക്കെതിരായ ഞങ്ങളുടെ ശബ്ദം ആരെങ്കിലും കേള്‍ക്കുമോ..?” സ്ത്രീസുരക്ഷയെക്കുറിച്ച് സ്‌കൂളില്‍ ക്ലാസെടുക്കാന്‍ വന്ന ഉത്തര്‍പ്രദേശ് പൊലീസിനെ ഉത്തരംമുട്ടിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ചോദ്യമായിരുന്നു ഇത്. ഇത് തന്നെയാണ് ഇന്ന് ഉത്തര്‍പ്രദേശിലെ ഓരോ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനസ്സിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ നടന്ന സ്ത്രീസുരക്ഷാ ക്ലാസിനെക്കുറിച്ചുള്ള വാര്‍ത്തയും ഉള്‍പ്പെടുത്തിയാണ് പ്രിയങ്കയുടെ ട്വീറ്റ്.

പൊലീസ് സുരക്ഷാവാരത്തിന്‍റെ ഭാഗമായുള്ള സന്ദര്‍ശനത്തിനിടെ സ്‌കൂളില്‍ സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസെടുക്കാന്‍ എത്തിയ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്.ഗൗതമിനോടാണ് ഉന്നാവോ സംഭവം മുന്‍നിര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുനിബ കിദ്വായി ചോദ്യമുയര്‍ത്തിയത്.

‘നിങ്ങള്‍ പറയുന്നു ഞങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും പ്രതിഷേധിക്കണമെന്നും. നമുക്കറിയാം ഒരു പെണ്‍കുട്ടി ബി.ജെ.പി എം.എല്‍.എയാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ആ വാഹനാപകടം യാദൃശ്ചികമല്ല എന്നെല്ലാവര്‍ക്കും അറിയാം. ആ ട്രക്കിന്‍റെ നമ്പര്‍ കറുപ്പ് നിറം കൊണ്ട് മായ്ക്കപ്പെട്ടിരുന്നു. ഒരു സാധാരണക്കാരനാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ പ്രതിഷേധിക്കാമായിരുന്നു, എന്നാല്‍ ഒരു അധികാരസ്ഥാനത്തിരിക്കുന്ന ആളാകുമ്പോഴോ?’- പെണ്‍കുട്ടി ചോദിച്ചു.

‘ഞങ്ങള്‍ പ്രതിഷേധിച്ചാലും ഒരു നടപടിയും സ്വീകരിക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം, ഇനി നടപടിയെടുത്താലും ഒരു കാര്യവുമില്ലായെന്നും അറിയാം. ആ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഞങ്ങള്‍ പ്രതിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ നീതി ഉറപ്പാക്കുമോ? എന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്കാകുമോ? എനിക്കൊന്നും സംഭവിക്കില്ലാ എന്നതിന് എന്താണ് ഉറപ്പ്?’

മുനിബയുടെ വാക്കുകളെ കൈയടിച്ചുകൊണ്ടാണ് സഹപാഠികള്‍ എതിരേറ്റത്. മറുപടി പറയാനാകാതെ കുഴങ്ങുകയായിരുന്നു എഎസ്പിയും.