പി എം കെയര്‍ ഫണ്ട് ഓഡിറ്റിന് വിധേയമാക്കണമെന്ന് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Sunday, May 3, 2020

പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ട് ഓഡിറ്റിന് വിധേയമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ ബദോഹി ജില്ലാ മജിസ്‌ട്രേറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവ് പ്രകാരം ഫണ്ടിനായി എല്ലാ ഉദ്യോഗസ്ഥരും 100 രൂപ വീതം നൽകണമെന്നാണ് നിർദേശമെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ ഗവൺമെന്റിനും ജനങ്ങൾക്കുമിടയിൽ സുതാര്യത നല്ലതാണെന്നും അതിനാൽ ഓഡിറ്റ് വേണമെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘പൊതുജനം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനും പണത്തിനും ജനങ്ങള്‍ കഷ്ടപ്പെടുന്നു. അതിനിടെയാണ് സര്‍ക്കാര്‍ പി.എം കെയറിലേക്ക് പണം കൈമാറണമെന്ന് പറയുന്നത്. അങ്ങനെയെങ്കില്‍ പി.എം കെയര്‍ ഓഡിറ്റിന് വിധേയമാക്കണം’- പ്രിയങ്ക കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പി.എം കെയര്‍ ഫണ്ടിനെതിരെ കോണ്‍ഗ്രസ് നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളപ്പോള്‍ മറ്റൊരു ഫണ്ടിന്റെ ആവശ്യമെന്തെന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നത്. പി.എം കെയര്‍ ഫണ്ടിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.