ജമ്മു-കശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം കടുപ്പിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും വിശ്വസിക്കുന്നുണ്ടോയെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു.
ജമ്മു-കശ്മീരിൽ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെയും കുടുംബത്തോടു പോലും സംസാരിക്കാൻ സമ്മതിക്കാത്തതിനെയും ചോദ്യം ചെയ്ത പ്രിയങ്ക ട്വിറ്ററിലൂടെയാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. മുൻമുഖ്യമന്ത്രിമാരടക്കമുള്ള മുതിർന്ന നേതാക്കളെ കഴിഞ്ഞ 15 ദിവസമായി തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കളെ ജമ്മു-കശ്മീരിൽ അറസ്റ്റ് ചെയ്തതെന്നും, മാധ്യമങ്ങളോട് സംസാരിക്കുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്നും പ്രിയങ്ക ചോദിച്ചു.
‘എന്ത് അടിസ്ഥാനത്തിലാണ് ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്? മാധ്യമങ്ങളോട് സംസാരിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെയാണ്? കോണ്‍ഗ്രസ് നേതാക്കളെപ്പോലെ തന്നെ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കഴിഞ്ഞ 15 ദിവസമായി അറസ്റ്റിലാണ്. കുടുംബാംഗങ്ങളെപോലും അവരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് മോദി-ഷാ സര്‍ക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ? ‘ – പ്രിയങ്കാ ഗാന്ധി ചോദിച്ചു.
ജമ്മുവിൽ കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിർ, വക്താവ് രവീന്ദർ ശർമ എന്നിവരെ വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷഹീദി ചൗക്ക് പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തിനിടെ ഒരു സംഘം പൊലീസ് എത്തുകയും സമ്മേളനത്തില്‍ സംസാരിക്കാനിരിക്കുന്ന ഇരുവരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തിന് കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നതെന്നും എന്നാണ് ഈ ഭ്രാന്ത് അവസാനിപ്പക്കുകയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.