ഉന്നാവോ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ എഫ്.ഐ.ആറെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇരയുടെ കുടുംബത്തെ വേട്ടയാടുകയാണെന്ന് വ്യക്തമായിട്ടും കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുൽദീപ് സെന്‍ഗറിനെപ്പോലെയുള്ളവര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും സഹായവും നൽകുന്നത് ആരാണെന്നും അത് എന്തിനുവേണ്ടിയാണെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു.
‘കുൽദീപ് സെന്‍ഗറിനെപ്പോലുള്ളവർക്ക് രാഷ്ട്രീയ സംരക്ഷണവും കരുത്തും നൽകുന്നത് ആരാണ്? എന്തിനുവേണ്ടിയാണ് ഇത്തരക്കാരെ സംരക്ഷിക്കുന്നത്? ഇരകള്‍ അവരുടെ ജീവിതത്തിനായി ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? പെണ്‍കുട്ടിയുടെ കുടുംബത്തെ കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ ഭീഷണിപ്പെടുത്തി എന്നത് എഫ്.ഐ.ആറില്‍ നിന്ന് വ്യക്തമാണ്. അപകടം ആസൂത്രിതമാകാമെന്നതിന്‍റെ വ്യക്തമായ സൂചനയും എഫ്.ഐ.ആറിലുണ്ട്’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ഉന്നാവോ ലൈംഗിക പീഡനക്കേസിലെ ഇരയും കുടുംബവും അപകടത്തിൽ പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നതിന് ബലമേറുകയാണ്. പെൺകുട്ടിയുടെ നീക്കങ്ങൾ എം.എൽ.എക്ക് ഒരു പോലീസുകാരൻ ചോർത്തി നൽകുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. എം.എല്‍.എയില്‍ നിന്ന് തങ്ങള്‍ക്ക് നിരന്തരമായി ഭീഷണിയുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി. അതേസമയം അപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവ അതീവ ഗുരുതരമായി തുടരുകയാണ്.