ബാരിക്കേഡ് ചാടിക്കടന്ന് ജനങ്ങളിലേക്ക്… പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ തരംഗമാകുന്നു

Jaihind Webdesk
Tuesday, May 14, 2019

ജനങ്ങള്‍ക്കിടയിലേക്കും അവരുടെ ഹൃദയത്തിലേയ്ക്കും ഇറങ്ങിച്ചെല്ലാനുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ കഴിവിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഏറെക്കാലമായി സമൂഹമാധ്യമങ്ങള്‍. ഇത്തവണ അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ചാടിയിറങ്ങിച്ചെന്നാണ് പ്രിയങ്ക ശ്രദ്ധേയയായത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ആയിരുന്നു സംഭവം. എസ്.പി.ജി ബാരിക്കേഡുകള്‍ ചാടിക്കടന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രിയങ്കയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

https://www.youtube.com/watch?v=DxazXw37THQ&feature=youtu.be

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാന്തിലാല്‍ ഭൂരിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കാന്‍ ഭോപാലിലെ രത്‌ലമിലുള്ള നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു പ്രിയങ്ക. പ്രസംഗത്തിനുശേഷമായിരുന്നു ജനങ്ങളുടെ അടുത്തേക്കുള്ള പ്രിയങ്കയുടെ വരവ്. ‘പ്രിയങ്കാ ദീദി’ എന്ന മുദ്രാവാക്യം മുഴങ്ങുന്നതിനിടെയായിരുന്നു എസ്.പി.ജി സുരക്ഷയുള്ള പ്രിയങ്ക തടികൊണ്ടുള്ള ബാരിക്കേഡ് മറികടന്നത്. ജനങ്ങള്‍ക്കിടയിലെത്തിയ പ്രിയങ്ക അവരോടു സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തു.

2009-ലാണ് പ്രിയങ്ക അവസാനമായി ഇവിടെയെത്തിയത്. അതും അമ്മ സോണിയാ ഗാന്ധിക്കൊപ്പം. ഇതേ സ്റ്റേഡിയത്തില്‍ മുന്‍പ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ജനങ്ങള എത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ എട്ട് സീറ്റുകളാണ് അവസാനഘട്ടത്തില്‍ പോളിങ് ബൂത്തിലേയ്ക്ക് എത്താനുള്ളത്. ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തെ തുടച്ചുനീക്കി കോണ്‍ഗ്രസ് ഇവിടെ അധികാരത്തിലെത്തിയിരുന്നു.