പ്രിയങ്ക ഗാന്ധി പോലീസ് കസ്റ്റഡിയില്‍; ഉത്തര്‍പ്രദേശ് നാരായണ്‍പൂരില്‍ നിരോധനാജ്ഞ

Jaihind Webdesk
Friday, July 19, 2019

നാരായണ്‍പൂര്‍: പ്രിയങ്ക് ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പത്തുപേര്‍ കൊല്ലപ്പെട്ട സോണ്‍ഭദ്ര വെടിവെയ്പ്പ് സംഭവത്തിലെ ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രിയങ്കയ്ക്ക് ഇരകളുടെ കുടുംബാംഗങ്ങളെ കാണുന്നതിന് അനുമതി നിഷേധിക്കുകയും സ്ഥലത്ത് യു.പി സര്‍ക്കാര്‍ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധിയെ മിര്‍സാപൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

പ്രിയങ്കയെയും സംഘത്തെയും നാരായണ്‍പൂരില്‍ വച്ച് പൊലീസ് തടയുകയായിരുന്നു. പത്തു പേരാണ് പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോവാനാിവല്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രിയങ്ക വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

നാലു പേര്‍ മാത്രമായി മുന്നോട്ടുപോവാമെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടില്ലെന്ന് പ്രിയങ്ക മാധ്യമങ്ങളോടു പറഞ്ഞു. തന്നെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയാണ്. എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്ന് അറിയിച്ചു. സമാധാനപരമായി സോണ്‍ഭദ്രയിലേക്കു പോവുക മാത്രമായിയിരുന്നു തന്റെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു.

ഭൂമി തര്‍ക്കത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ നടത്തിയ വെടിവയ്പിലാണ് സോണ്‍ഭദ്രയില്‍ പത്തു പേര്‍ മരിച്ചത്. സംഭവവുമായി ബന്്ധപ്പെട്ട് 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അഞ്ചു തോക്കുകള്‍ പിടിച്ചെടുത്തതായും ആദിത്യനാഥ് പറഞ്ഞു.