‘ലോകം ചുറ്റിസഞ്ചരിക്കുന്ന മോദി വാരണാസിയിലെ ഒരു കുടുംബത്തെയെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോ ?’ മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

Jaihind Webdesk
Saturday, April 6, 2019

ഗാസിയാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗാസിയാബാദില്‍ സംഘടിപ്പിച്ച റോഡ്‌ഷോയില്‍ പ്രധാനമന്ത്രി മോദിക്കെതിരേ ആഞ്ഞടിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുവര്‍ഷത്തിനിടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ ഒരു കുടുംബത്തെയെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. അഞ്ചു വര്‍ഷത്തിനിടെ തന്റെ മണ്ഡലത്തിലെ ഒരു കുടുംബത്തിന്റെ സുഖവിവരം അന്വേഷിക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറായോ എന്നും അവര്‍ ചോദിച്ചു.

ലോക നേതാക്കളെ മോദി ആലിംഗനം ചെയ്യുന്നു. വാരണാസിയിലെ ദരിദ്ര കുടുംബത്തില്‍പ്പെട്ട ഒരാളെയെങ്കിലും ആലിംഗനം ചെയ്യാന്‍ മോദി തയ്യാറായിട്ടുണ്ടോ?.
ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കും. കര്‍ഷകര്‍ ദുരിതം അനുഭവിക്കുക്കുമ്പോള്‍ അവരെ സംസാരിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല.
നല്ല ഭരണം ഉണ്ടാവുകയെന്നത് ജനങ്ങളുടെ അവകാശമാണ്. ജനങ്ങളോട് എന്തെങ്കിലും അനുകമ്പ കാട്ടിയതായി ഒരു നേതാവും നടിക്കേണ്ടതില്ല. എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചെറുകിട വ്യാപാരികളെ ജിഎസ്ടിയില്‍ നിന്നു ഒഴിവാക്കും. കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനിടെ എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോളി ശര്‍മയ്ക്കൊപ്പമാണ് പ്രിയങ്ക റോഡ് ഷോ നടത്തിയത്.
റോഡ് ഷോയില്‍ പതിനായിരക്കണക്കിനു പേര്‍ പങ്കെടുത്തു. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക സ്ഥാനമേറ്റടെത്ത് ശേഷം രണ്ടു ലക്ഷത്തോളം പോരാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.