‘ചക്രവര്‍ത്തി കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ രാഹുല്‍ ഇന്ത്യയൊട്ടാകെ നടക്കുകയായിരുന്നു’; മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി

 

ബനസ്കാന്ത/ഗുജറാത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാജകുമാരന്‍’ പരാമര്‍ശത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മോദി ചക്രവർത്തിയെപ്പോലെ രാജകൊട്ടാരത്തില്‍ വസിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയൊട്ടാകെ നടന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയായിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശത്തിനെതിരെയാണ് പ്രിയങ്ക രംഗത്തെത്തിയത്. ഗുജറാത്തിലെ ബനസ്കാന്തയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള ന്യായ് സങ്കല്‍പ്പ് സഭയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

രാജകൊട്ടാരത്തില്‍ വസിക്കുന്ന മോദിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അറിയില്ലെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം രാഹുല്‍ ഗാന്ധി 4000 കിലോമീറ്റർ ഇന്ത്യയൊട്ടാകെ നടന്ന് ജനങ്ങളുടെ ദുരിതങ്ങളും പ്രശ്നങ്ങളും കേട്ടറിയുകയായിരുന്നു. അധികാരത്തിന്‍റെ കൊട്ടാരങ്ങളില്‍ താമസിക്കുന്ന മോദിയെ ചുറ്റുമുള്ളവർക്ക് ഭയമാണെന്നും എതിർ ശബ്ദങ്ങളെ മോദി അടിച്ചമർത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വയനാട്ടിന് പുറമെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. ‘രാജകുമാരൻ വയനാട്ടിൽ തോൽക്കാൻ പോകുകയാണെന്നും അമേഠിയിൽ നിന്ന് രാഹുൽ ഒളിച്ചോടിയെന്നുമായിരുന്നു മോദിയുടെ പരാമർശം. ഇതിനെതിരെയാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്.

“പ്രധാനമന്ത്രി മോദി എന്‍റെ സഹോദരനെ ‘ഷെഹ്‌സാദ’ (രാജകുമാരന്‍) എന്നാണ് വിളിക്കുന്നത്, എന്‍റെ സഹോദരൻ 4,000 കിലോമീറ്റർ നടന്ന് രാജ്യത്തെ ജനങ്ങളെ കണ്ടു, അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്താണെന്ന് അവരോട് ചോദിച്ചു മനസിലാക്കി. മറുവശത്ത്, ചക്രവർത്തി നരേന്ദ്ര മോദി കൊട്ടാരങ്ങളിലാണ് താമസിക്കുന്നത്. കർഷകരുടെയും സ്ത്രീകളുടെയും നിസഹായാവസ്ഥ അദ്ദേഹത്തിന് എങ്ങനെ മനസിലാക്കാൻ കഴിയും? അധികാരത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ് നരേന്ദ്ര മോദി. ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തെ ഭയപ്പെടുന്നു. മോദിയോട് ആരും ഒന്നും പറയുന്നില്ല. ആരെങ്കിലും ശബ്ദം ഉയർത്തിയാലും ആ ശബ്ദം അടിച്ചമർത്തപ്പെടും” – പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രിക്ക് അതിസമ്പന്നരോട് മാത്രമാണ് അടുപ്പമെന്നും രാജ്യത്തെ സാധാരണക്കാരോടും കർഷകരോടും ഒരു ബന്ധവുമില്ലെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. കരിനിയമങ്ങളോട് പടപൊരുതി നിരവധി കർഷകർ ജീവന്‍ വെടിഞ്ഞപ്പോഴും പ്രധാനമന്ത്രി അവരെ കാണാന്‍ കൂട്ടാക്കിയില്ലെന്നും ഭരണഘടന മാറ്റി ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Comments (0)
Add Comment