ധുബ്രി/അസം: എന്‍ഡിഎ സ്ഥാനാർത്ഥി പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആയിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച പ്രജ്വല്‍ രേവണ്ണയെ രാജ്യം വിടാന്‍ അനുവദിച്ചത് പ്രധാനമന്ത്രിയാണ്. വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് കാതോർക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. അസമിലെ ധുബ്രിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ന്യായ് സങ്കല്‍പ് സഭയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ കാണാത്ത മോദിക്ക് അഹന്തയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആയിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രജ്വലിനെ ഇന്ത്യ വിടാന്‍ അനുവദിച്ചു. ഇക്കാര്യത്തില്‍ മോദി മറുപടി പറയണം. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്താണ് പറയാനുള്ളതെന്നും പ്രിയങ്ക ചോദിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെയും പ്രിയങ്ക കടുത്ത വിമർശനമുയർത്തി. ബിജെപിയില്‍ പ്രവേശിച്ചതോടെ ഹിമന്തയ്ക്കെതിരായ ഉണ്ടായിരുന്ന അഴിമതി ആരോപണങ്ങളെല്ലാം പിന്‍വലിക്കപ്പെട്ടു. ബിജെപി ഭരിക്കുന്ന അസമില്‍ മാഫിയാ രാജ് ആണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും എംപിയുമായ പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന വിഡിയോകള്‍ പുറത്തുവന്നതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതോടെ ജെഡിഎസ് നേതാവും എന്‍ഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നു. കർണാടകയിലെ ഹാസനില്‍ നിന്ന് മത്സരിക്കുന്ന പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ അശ്ലീല വീഡിയോ വിവാദം തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വന്‍ തിരിച്ചടിയാണ് മുന്നണിക്ക് ഉണ്ടാക്കിയിരിക്കുന്നത്. മൂവായിരത്തിലധികം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രജ്വല്‍ രേവണ്ണയുടെ പെന്‍ഡ്രൈവില്‍ നിന്ന് കണ്ടെടുത്തിരുന്നു. വിവാദമായതോടെ ഇയാളെ ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.