ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് സജ്ജമാക്കിയ 500 ബസുകള്‍ യുപി അതിര്‍ത്തിയില്‍; അനുമതി നല്‍കാതെ സര്‍ക്കാര്‍, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് യോഗിയോട് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Sunday, May 17, 2020

 

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് സജ്ജമാക്കിയ ബസുകള്‍ക്ക് അനുമതി നല്‍കാത്തതില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് സജ്ജമാക്കിയ ബസുകള്‍ കാത്തുനില്‍ക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

 

യുപിയില്‍ നിന്നും രാജസ്ഥാനിലെ വിവിധ ജില്ലകളിലേക്ക് അതിഥി തൊഴിലാളികളെ എത്തിക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ 500 ബസുകളാണ് അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നത്. ബസുകള്‍ക്ക് വരുന്ന ചെലവ് വഹിക്കാന്‍ തായാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ഇവയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതോടെയാണ് യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.