ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷയില്ല; ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്കുട്ടിക്കുണ്ടായ അപകടത്തില്‍ ആശങ്കയറിയിച്ച് പ്രിയങ്ക ഗാന്ധി

Jaihind Webdesk
Monday, July 29, 2019

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശങ്കയറിച്ച് പ്രിയങ്കഗാന്ധി.
‘ഉന്നാവോ പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നേരെയുണ്ടായ അപകടം ഞെട്ടിക്കുന്നതാണ്. ഈ കേസിലെ സി.ബി.ഐ അന്വേഷണം ഏതുവരെയായി? പ്രതിയായ എം.എല്‍.എ ഇപ്പോഴും എന്തുകൊണ്ട് ബി.ജെ.പിയില്‍ തുടരുന്നു? ഇരകള്‍ക്കും സാക്ഷികള്‍ക്കുമുള്ള സുരക്ഷയില്‍ വീഴ്ച്ചവരുന്നത് എന്തുകൊണ്ട്? ഇക്കാര്യത്തിന് ഉത്തരം നല്‍കാതെ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ നീതിയുടെ പ്രതീക്ഷയില്ല’ – പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു.അപകടത്തില്‍ ഗൂഡാലോചന ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. നേരത്തെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡില്‍ മരണപ്പെട്ടത് വിവാദമായിരുന്നു. 2017 ലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.
തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും സി.ബി.ഐക്ക് കേസ് കൈമാറുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയുണ്ടായി.