കര്‍ഷകരെ കാണാന്‍ മോദിക്ക് സമയമില്ല, ബിസിനസ് ബ്രോക്കര്‍മാര്‍ എങ്ങനെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തുന്നു? ആഞ്ഞടിച്ച് പ്രിയങ്ക

Jaihind Webdesk
Wednesday, October 30, 2019

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം സംഘടിപ്പിച്ചത് അന്താരാഷ്ട്ര വ്യാപാരി ദല്ലാള്‍ മാഡി ശര്‍മ്മയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശനമുണ്ട്, നിങ്ങളെ പരിചയപ്പടുത്തി തരാം എ്ന്നാണ് ഇവര്‍ പറയുന്നത്. ഈ ബിസിനസ് ബ്രോക്കര്‍മാര്‍ എങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്- പ്രിയങ്ക ചോദിച്ചു.

രാജ്യത്തെ കര്‍ഷകര്‍ക്കും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കും പ്രധാനമന്ത്രിയെ കാണാന്‍ സൗകര്യങ്ങളില്ല. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സൗകര്യമില്ല. എന്നാല്‍ മാഡി ശര്‍മ്മയെ പോലുള്ള ബ്രോക്കര്‍മാര്‍ക്ക് നന്നായി എഴുതാന്‍ അറിയാം. ഇന്ത്യയിലേക്ക് തങ്ങളുട ചെലവില്‍ വരൂ എന്നാണ് അവരോട് പറയുന്നത്- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാന്‍ മാഡി ശര്‍മയ്ക്ക് എങ്ങനെ അനുമതി ലഭിച്ചെന്നതാണ് കേന്ദ്രത്തിനെതിരായി ഉയരുന്ന പ്രധാന ചോദ്യം. പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമ്പോള്‍ മാഡി ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു.ഇതിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടു.

യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതായും ഇന്ത്യയിലെത്തിയാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രധാനവ്യക്തികളെ കാണാനും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കാമെന്നും മാഡി, എം.പിമാര്‍ക്ക് അയച്ച ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്. മാഡി ശര്‍മയുടെ ഇ മെയിലിന്റെ സ്‌ക്രീന്‍ ഷോട്ടും ഇവര്‍ മോദിക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രവും മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.