രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തിന് പിന്തുണയുമായി പ്രിയങ്ക

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനൊപ്പം നിന്ന് സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ചുരുക്കം ചിലർക്കേ ഈ ധൈര്യമുണ്ടാവൂ എന്നും രാഹുലിന്‍റെ തീരുമാനത്തെ അങ്ങേഅറ്റം ബഹുമാനിക്കുന്നതായും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ശക്തമായ എതിര്‍പ്പിനിടെയാണ് രാഹുല്‍ ഗാന്ധി തന്‍റെ രാജിക്കാര്യം ഔദ്യോഗികമായി പരസ്യമാക്കിയത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇതുസംബന്ധിച്ച കത്ത് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് അനീതിയാകുമെന്ന് കണ്ടാണ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്നാണ് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കഠിനമായ തീരുമാനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘ഞാന്‍ പ്രധാനമന്ത്രിക്കും, ആര്‍.എസ്.എസിനും അവര്‍ കൈയടക്കുന്ന ഭരണഘടനാസ്ഥാപനങ്ങളുടെ നിലനില്‍പ്പിനും വേണ്ടി പോരാടി. കാരണം ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യക്കുവേണ്ടി ഞാന്‍ ഒറ്റയ്ക്ക് പോരാടി. അതില്‍ അഭിമാനിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശവും ആത്മാര്‍പ്പണവും എനിക്ക് നല്‍കിയ പാഠം വളരെ വലുതാണ്. അതുള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കും’ രാഹുല്‍ഗാന്ധി വ്യക്തമാക്കി.

രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാരോട് അവര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടും കോണ്‍ഗ്രസുകാരനെന്ന നിലയിലുള്ള അഭിമാനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് രാഹുല്‍ഗാന്ധിയുടെ കത്ത് അവസാനിക്കുന്നത്.

rahul gandhipriyanka gandhi
Comments (0)
Add Comment