‘നടന്നത് ഒരു അപ്പക്കഷണത്തിന് വേണ്ടിയുള്ള പോര്’: മാധ്യമങ്ങള്‍ക്കെതിരെ പ്രിയാ വർഗീസ്

Jaihind Webdesk
Friday, November 18, 2022

കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വർഗീസ്. യഥാർത്ഥത്തിൽ നടക്കുന്നത് ജോസഫ് സ്‌കറിയയും പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പക്കഷണത്തിന് വേണ്ടിയുള്ള പോര് മാത്രമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതിനെയാണ് പൊലിപ്പിച്ച് കാണിക്കുന്നതെന്നായിരുന്നു മാധ്യമങ്ങള്‍ക്കെതിരായ വിമർശനം. കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിൽ കെ.കെ രാഗേഷിന്‍റെ പേര് ഉൾപ്പെടുത്തിയതിനെതിരെയാണ് മാധ്യമങ്ങളെ വിമർശിച്ച് പ്രിയാ വർഗീസ് രംഗത്തെത്തിയത്.

കെ.കെ രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ തങ്ങൾ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. കെ.കെ രാഗേഷുമായുള്ളത് അച്ഛൻ-മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ്. ആ കരാർ തങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കുമെന്ന് പ്രിയാ വർഗീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.