കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ സ്വകാര്യ ബസ്സ് സർവ്വീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമാണെന്ന് ബസ് ജീവനക്കാരും ഉടമകളും

Jaihind Webdesk
Saturday, April 24, 2021

മലപ്പുറം : കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ മലപ്പുറം ജില്ലയിൽ സ്വകാര്യ ബസ്സ് സർവ്വീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമാണെന്ന് ബസ് ജീവനക്കാരും ഉടമകളും.കൂടുതൽ നിയന്ത്രണങ്ങൾ വരുന്നതോടെ ബസിലെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു വരുകയാണ്. കൊവിഡ് പ്രോട്ടോക്കോളിൽ ബസുകൾക്ക് ഇളവുകൾ നൽകണമെന്നാണ് ബസ് തൊഴിലാളികളുടേയും ഉടമകളുടേയും ആവശ്യം. കൊവിഡ് വ്യാപനവും, ഇന്ധന വില വർധനവും സ്വകാര്യ ബസ് മേഖലയെ വീണ്ടും തളർത്തിയിരിക്കുകയാണ്. ഒരു വർഷം മുൻപ് വരെ മലപ്പുറം ജില്ലയിൽ 12000 ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ 9000 ബസ്സുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്.ഇതിന് പുറമെയാണ് ഇപ്പോൾ നിന്ന് യാത്ര ചെയ്യാൻ പാടില്ലന്ന നിർദ്ദേശം വന്നത്. ഇത് ബസ് ഉടമകൾക്കും ജീവനക്കാർക്കും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ മൂലം വലിയ പ്രതിസന്ധിയായിരുന്നു ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് അനുഭവിക്കേണ്ടി വന്നത്. പിന്നീട് നൽകിയ ഇളവുകൾ ആശ്വാസമായെങ്കിലും കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് തിരിച്ചടിയാകുന്നുണ്ട്. യാത്രക്കാർ ബസിൽ യാത്ര ചെയ്യാൻ തയ്യാറാണെങ്കിലും നിയന്ത്രങ്ങൾ മൂലം അതിന് സാധിക്കുന്നില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിന്നുള്ള യാത്രക്ക് അനുമതി നൽകണമെന്നും, ബസുകൾക്ക് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. നേരത്തേ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് കെ.ബി.ടി.എ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു