ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്‍റെ പുതിയ രാജാവ്; കാമില രാജ്ഞി

Jaihind Webdesk
Friday, September 9, 2022

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്‍റെ അടുത്ത രാജാവാകും. 73 വയസുള്ള ചാള്‍സ് ഇനി ‘കിംഗ് ചാള്‍സ് III’ എന്ന് അറിയപ്പെടും. ബ്രിട്ടന്‍റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്. സ്ഥാനാരോഹണത്തിന്‍റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.

ബ്രിട്ടന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96 കാരിയായ എലിസബത്ത് രാജ്ഞി വിട പറഞ്ഞത്. പ്രിയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം തനിക്കും കുടുംബാംഗങ്ങള്‍ക്കും അത്യന്തദുഃഖത്തിന്‍റെ നിമിഷമാണെന്ന് ചാള്‍സ് രാജാവ് പ്രസ്താവനയില്‍ അറിയിച്ചു.

ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്‍റെ ഭാര്യ കാമില പാര്‍ക്കര്‍ രാജ്ഞിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് നേരത്തെ എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്‍റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് പദവി മുൻകൂട്ടി സമ്മാനിച്ചത്.