പിടികിട്ടാപ്പുള്ളിയായ SFI നേതാവ് മന്ത്രിമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍

Jaihind Webdesk
Tuesday, January 29, 2019

Prathi-SFI

പോലീസുകാരെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ എസ്എഫ്‌ഐ നേതാവ് രണ്ട് മന്ത്രിമാര്‍ക്കൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി കോളേജില്‍ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ മന്ത്രി എകെ ബാലനും കെടി ജലീലിനുമൊപ്പം മുഖ്യപ്രതി നസീം പങ്കെടുത്തിട്ടും പോലീസ് പിടികൂടിയില്ല. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായി.ആ ക്രമം നടന്ന ഒന്നര മാസം കഴിഞ്ഞിട്ടും നസീമിനെ പിടികൂടാൻ ഇതു വരെ പോലിസിന് കഴിഞ്ഞിട്ടില്ല

പ്രതി ഒളിവിലാണന്ന് പോലിസ് പറയുമ്പോഴും ഒളിവിൽ അല്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ നിലപാട്. ഉന്നത രാഷ്ട്രീയ ഇടപെടലാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന ആരോപണം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഡിസിപി ചൈത്ര തെരേസ ജോണ്‍ റെയ്ഡ് നടത്തിയ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന നേതാവ് നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നത്. ഒളിവിലാണെന്ന് പോലിസ് പറയുമ്പോഴും യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഇയാൾ പങ്കെടത്തു. മന്ത്രിമാര്‍ക്ക് അകമ്പടിയായെത്തിയ പോലീസ് സംഘം പരിപാടിക്ക് സുരക്ഷയൊരുക്കാന്‍ ഉണ്ടായിട്ടും രാഷ്ട്രിയ സമ്മർദത്തെ തുടർന്ന് പ്രതിയെ പിടികൂടാൻ പോലിസ് തയ്യാറയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന് മീറ്ററുകള്‍ക്കപ്പുറമാണ് പരിപാടി നടന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് തിരുവനന്തപുരം പാളയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരെ സിഗ്നല്‍ ലംഘനം ചോദ്യം ചെയ്തതിന് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ നസീം ഉള്‍പ്പെടെയുള്ള സംഘം മര്‍ദ്ദിച്ചത്. ആറ് പ്രതികളുള്ള കേസില്‍ നാല് പേര്‍ നേരത്തെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നസീം ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലെന്നാണ് പോലീസിന്റെ വിശദീകരണം.