വിലക്കയറ്റം : സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലേക്ക്. വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാനാവാതെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പച്ചക്കറിക്കും അവശ്യ സാധനങ്ങൾക്കും വില വർധന ഉണ്ടായതാണ് ഉച്ചഭക്ഷണ വിതരണത്തിന് തിരിച്ചടിയായിരിക്കുന്നത്. സ്കൂൾ തുറക്കുന്ന സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി വിലയാണ് ഭക്ഷ്യവസ്തുക്കൾക്ക് ഇപ്പോൾ.

ആഴ്ചയിൽ രണ്ട് ദിവസം 300 മില്ലീ ലിറ്റർ പാൽ, ആഴ്ചയിൽ ഒരുദിവസം ഒരു മുട്ട, സാമ്പാർ, തോരൻ, പരിപ്പ്, വൻപയർ ഉൾപ്പെടുന്നതാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ. ഇതിനു പുറമെ പാചകത്തിനുള്ള വെളിച്ചെണ്ണ, തേങ്ങ, മുളക്, ഉപ്പ് അടക്കമുള്ള ചേരുവകൾ വാങ്ങാനും പാചകവാതകത്തിന്‍റെ ചെലവും, അരി എത്തിക്കാനുള്ള ചെലവും കണ്ടെത്തണം. പച്ചക്കറികൾക്കും അവശ്യസാധനങ്ങൾക്കും വില വർധനവ് ഉണ്ടായതോടെ വൻ കടക്കെണിയിലാണ് പ്രധാന അധ്യാപകർ. ഓരോ മാസവും അധികതുക സ്വന്തം ശമ്പളത്തിൽ നിന്ന് ചെലവാക്കേണ്ട അവസ്ഥയാണ്. നൂറിൽ താഴെ കുട്ടികളുള്ള സർക്കാർ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്.

150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് 8 രൂപ രൂപയും, 500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് 7 രൂപയും, 501 ന് മുകളിൽ ഒരു കുട്ടിക്ക് 6 രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകുന്നത്. അവശ്യസാധനങ്ങളുടെ വില വർധിച്ചതോടെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിനുള്ള ചെലവ് പ്രധാന അധ്യാപകന് ബാധ്യതയായി മാറുകയാണ്. വിലക്കയറ്റം താങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ഇനിയും തുടർന്നാൽ കുട്ടികൾക്ക് നൽകുന്ന  ഉച്ചഭക്ഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും.

midday mealsschools
Comments (0)
Add Comment