ആദ്യം വിശുദ്ധർ ഇപ്പോള്‍ കളങ്കിതർ ; സ്വപ്നയുടെ നിയമനത്തില്‍ പി.ഡബ്ല്യു.സിയെ വിലക്കി സർക്കാർ

Jaihind News Bureau
Monday, November 30, 2020

 

തിരുവനന്തപുരം :  സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ നിയമിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് രണ്ടു വര്‍ഷത്തേക്ക് ഐ.ടി വകുപ്പില്‍ വിലക്ക്. സ്വപ്നയുടേത് ഉൾപ്പെടെ വിവാദ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി. കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കി നല്‍കേണ്ടെന്നും തീരുമാനം.

ഇ – മൊബിലിറ്റി പദ്ധതിയില്‍ നിന്നും പി.ഡബ്ല്യു.സിയെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പി.ഡബ്ല്യു.സിയുമായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവരെ ഐ.ടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളാണ് പി.ഡബ്ല്യു.സിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്‌ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പത്താംക്ലാസ് യോഗ്യത പോലും ഇല്ലാത്ത സ്വപ്നയെ   ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളത്തിനാണ് മാനേജര്‍ തസ്തികയില്‍ നിയമിച്ചിരുന്നത്. ബിരുദം വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് കെ.എസ്.ടി.ഐ.എല്‍ പി.ഡബ്ല്യു.സിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ  ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സ്വാധീനത്തിലാണ് സ്വപ്ന ജോലി നേടിയതെന്ന് ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതിയും  കണ്ടെത്തി.

ശിവശങ്കറിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനത്തില്‍ സ്വപ്‌ന കരാര്‍ നിയമനം നേടിയത് ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവായും അന്വേഷണ ഏജന്‍സി ചൂണ്ടിക്കാണിച്ചിരുന്നു. സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതില്‍ തനിക്ക് അറിയില്ലെന്നായിരുന്നു തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച സമീപനം എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്റെ നിയമനം നടന്നതെന്ന് സ്വപ്‌ന പറഞ്ഞതായി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്.