ദോശയും ഇഡ്ഡലിയും കഴിക്കാനും ഇനി പോക്കറ്റ് കീറും; മാവിന് വില കൂട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ദോശ, ഇഡ്ഡലി മാവിന് വിലകൂടും. മാവിന് വില കൂട്ടാന്‍ ഉല്‍പ്പാദകരുടെ സംഘടന തിരുമാനിച്ചതാണ് കാരണം. ഇന്നു മുതല്‍ ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. ഇതോടെ മലയാളികളുടെ പ്രിയ ഭക്ഷണമായ ദോശയ്ക്കും ഇഡ്ഡലിക്കും വില കൂടും.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധന കാരണമാണ് മാവിന് വില വര്‍ധിപ്പിക്കാന്‍ മാവ് നിര്‍മ്മാണ സംഘടന തീരുമാനിച്ചത്. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്‍റെ വിലയാണ് ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കുന്നത്. അതായത് ദോശയും ഇഡ്ഡലിയും കഴിക്കണമെങ്കില്‍ സാധാരണക്കാരന്‍റെ കീശ കീറുമെന്നുറപ്പ്.

മറ്റു ജില്ലകളെ അപേക്ഷിച്ച് ദോശ – ഇഡ്ഡലി മാവ് വിലക്കുറവില്‍ ലഭിക്കുന്നത് പാലക്കാടാണ്. എന്നാല്‍ മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപ കൂടിയതായും കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്‍റെ വില 150 ല്‍ എത്തിയതായും മാവ് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം ഇരുട്ടടിയായി വൈദ്യുതി നിരക്ക് വര്‍ധനവ് കൂടിയായതോടെ മാവ് നിര്‍മ്മിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയായി. മാവിന് വില വര്‍ധിച്ചതോടെ ദോശയുടെയും ഇഡ്ഡലിയുടെയും വില കൂട്ടാന്‍ ഹോട്ടല്‍ ഉടമകളും നിര്‍ബന്ധിതരാവുന്ന സാഹചര്യമാണ്.

Comments (0)
Add Comment