ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു

Jaihind News Bureau
Thursday, December 20, 2018

ജമ്മു കാശ്മീരില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ആറു മാസത്തിലേറെയായി ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മു കാശ്മീര്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും വരെ ഇനി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണം ഏറ്റെടുക്കും. ബിജെപി-പിഡിപി സംയുക്ത സര്‍ക്കാര്‍ ഭരിച്ചിരുന്ന സംസ്ഥാനത്ത് പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുകയും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു.

ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് ശേഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രവും രംഗത്ത് എത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 92 പ്രകാരം കശ്മീരിന്റെ പ്രത്യേക ഭരണഘടനാ ഇളവ് അനുസരിച്ച് ആദ്യ ആറ് മാസം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തും. ആറുമാസത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ അടുത്ത ആറ് മാസത്തേക്ക് രാഷ്ട്രപതിഭരണമായിരിക്കും.

കാശ്മീരില്‍ പിഡിപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് മഹാസഖ്യം സാധ്യമായതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. പിഡിപി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശ വാദമുന്നയിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി.

പിഡിപി നേതാവ് മെഹബൂബ മുഫ്തി ഗവര്‍ണറെ കണ്ടതിന് പിന്നാലെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്.

പിഡിപിക്ക് 29ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12 ഉം എംഎല്‍എമാരാണ് ഉള്ളത്. 87 അംഗം നിയമസഭയില്‍ 56 പേരുടെ പിന്തുണയോടെ ഈ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഗവര്‍ണറുടേത് രാഷ്ട്രീയ നടപടിയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.