കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാല്‍ സാമ്പിളില്‍ നിപ സാന്നിധ്യം; സ്ഥിരീകരിച്ച് എന്‍ഐവി

Jaihind Webdesk
Wednesday, September 29, 2021

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍നിന്നെടുത്ത വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമെന്ന് കണ്ടെത്തല്‍. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപയ്ക്കെതിരായ ആന്‍റിബോഡി കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

രണ്ടിനം വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് നിപ വൈറസിനെതിരായ ഐജിജി ആന്‍റിബോ‍ഡി സാന്നിധ്യം സ്ഥിരീകരിച്ചത്. സെപ്റ്റംബർ 5നാണ് നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃഗ സാമ്പിളുകളില്‍ ഭോപ്പാലിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ വിശദമായ പരിശോധന നടത്തിയത്.

ഐസിഎംആര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ട്. അതു കൂടി പരിശോധിച്ചശേഷം പുനെ എന്‍ഐവി ഫലം സര്‍ക്കാരിനെ അറിയിക്കും. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തില്‍ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.